തിരുവനന്തപുരം: ഇടത് മുന്നണിയിലേക്ക് ഉപാധികളില്ലാതെ പോകുന്നുവെന്നും, എംപി സ്ഥാനം രാജി വയ്ക്കുന്നുവെന്നും പ്രഖ്യാപിച്ച ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജോസ് കെ മാണി ചെയ്തത് രാഷ്ട്രീയ വഞ്ചനയാണ്. കെ എം മാണിയുടെ ആത്മാവിനെ ചതിക്കുകയായിരുന്നു ജോസ് കെ മാണി. ജോസ് ഞങ്ങളെ പിന്നിൽ നിന്ന് കുത്തി. ജോസ് കെ മാണിയുടെ അപക്വമായ നിലപാടുകൾ കൊണ്ടാണ് പാലാ തെരഞ്ഞെടുപ്പിൽ തോറ്റതെന്നും ചെന്നിത്തല തുറന്നടിച്ചു. 

പത്ത് മുപ്പത്തിയഞ്ച് വർഷക്കാലം യുഡിഎഫിനൊപ്പം അനിഷേധ്യനായി നിന്ന നേതാവാണ് കെ എം മാണി. അദ്ദേഹത്തിനൊരു പ്രശ്നം വന്നപ്പോൾ നെഞ്ചുംകൊടുത്ത് കൂടെ നിന്നത് കേരളത്തിലെ യുഡിഎഫ് പ്രവർത്തകരാണ്. എല്ലാ തരത്തിലും മാണിസാറിന് പ്രതിരോധം തീർത്തത് യുഡിഎഫുകാരാണ്. എന്നും യുഡിഎഫിനൊപ്പം നിൽക്കാനാണ് കെ എം മാണി ആഗ്രഹിച്ചത്. ആ ആഗ്രഹത്തിന് എതിരായാണ് ഇപ്പോൾ ജോസ് കെ മാണി മറുകണ്ടം ചാടിയിരിക്കുന്നത്. നേരത്തേതന്നെ ജോസ് കെ മാണി ഇടതുബാന്ധവം സ്വപ്നം കണ്ടിരുന്നെന്ന് ചെന്നിത്തല ആരോപിക്കുന്നു. ''ഇടയ്ക്ക് കോട്ടയം ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് സ്ഥാനം നൽകേണ്ടി വന്നപ്പോൾ, ഇടതുമുന്നണിയുമായി കൂട്ടുകൂടിയത് മറക്കരുത്. അന്ന് മുതൽ തന്നെ ഇടതുമുന്നണിയുമായി ജോസ് കെ മാണി ബന്ധം സ്വപ്നം കണ്ടിരുന്നു''വെന്ന് ചെന്നിത്തല.

കെ എം മാണിയെ കള്ളനെന്ന് വിളിക്കുകയും വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് പറഞ്ഞ് അപമാനിക്കുകയും ചെയ്തവരാണ് ഇടതുമുന്നണിയിലുള്ളവർ. എല്ലാ രാഷ്ട്രീയമര്യാദകളും ലംഘിച്ചാണ് ഇടതുമുന്നണി കെ എം മാണിക്ക് എതിരെ കള്ളപ്രചാരണം നടത്തിയത്. അവർക്കൊപ്പം പോകുന്നതിലൂടെ കെ എം മാണി നടത്തിയത് രാഷ്ട്രീയവഞ്ചനയാണ്. ''ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ ഇടത് മുന്നണി സഭയിൽ ചെയ്തത് ഓർമയില്ലേ? കെ എം മാണിയെ നിയമസഭയിൽ അപമാനിച്ചത് ഇടത് മുന്നണിയാണ്. എന്നിട്ടും അവർക്കൊപ്പം അദ്ദേഹത്തിന്‍റെ മകൻ പോകാൻ തീരുമാനിക്കുന്നു. ഇതെന്ത് തരം രാഷ്ട്രീയമാണ്? ഇടതുമുന്നണിയുടെ രാഷ്ട്രീയ പാപ്പരത്തം ഇതിലൂടെ പുറത്തുവരികയാണ്. ഈ കാപട്യം ജനങ്ങൾ തിരിച്ചറിയും. പറയുന്ന കാര്യങ്ങളിൽ ഇടതുമുന്നിക്ക് ആത്മാർത്ഥതയില്ല. മുങ്ങുന്ന കപ്പലാണ് എൽഡിഎഫ്'', എന്ന് ചെന്നിത്തല ആഞ്ഞടിക്കുന്നു.

ഇങ്ങനെ ഒരു കച്ചിത്തുരുമ്പിൽ പിടിച്ച് കയറാനൊന്നും ഇടതുമുന്നണിക്കാവില്ലെന്ന് ചെന്നിത്തല പറയുന്നു. മാണിയോട് ഇടതുമുന്നണി മാപ്പ് ചോദിക്കണം. രാജ്യസഭാ സീറ്റിൽ മാത്രമേ ഇവർക്കൊക്കെ ധാർമികത പറയാനുള്ളൂ? ചാഴിക്കാടനും റോഷിക്കും ജയരാജനും ഒന്നും ധാർമികതയില്ലേ? ഇവരും രാജിവയ്ക്കണ്ടേ? - ചെന്നിത്തല ചോദിക്കുന്നു. 

'മാണി സി കാപ്പനുമായി രാഷ്ട്രീയചർച്ചയില്ല', ഹസ്സനെ തള്ളി ചെന്നിത്തല

യുഡിഎഫിൽ വരാൻ താല്പര്യമറിയിച്ച് മാണി സി കാപ്പൻ പ്രതിപക്ഷനേതാവുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തിയ യുഡിഎഫ് കൺവീനർ എം എം ഹസ്സനെ തള്ളി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാണി സി കാപ്പനുമായി പല തരത്തിൽ ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ രാഷ്ട്രീയചർച്ച നടത്തിയിട്ടില്ല. കെ എം മാണി ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു തീരുമാനം എടുക്കില്ലായിരുന്നു. മാണിയെ കുറ്റവിമുക്തനാക്കിയതും താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണെന്നും ചെന്നിത്തല ജോസ് കെ മാണിയെ ഓർമിപ്പിക്കുന്നു. 

പാലാ പോര് മുറുകും

ജോസ് കെ മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ  പാലാ സീറ്റ് ആർക്കെന്ന തർക്കവും മുറുകുകയാണ്. പാലായെ ചൊല്ലി മാണി സി കാപ്പൻ ഉടക്കി നിൽക്കുന്നു. സീറ്റ് ഏറ്റെടുത്താൽ മുന്നണി വിടുമെന്ന് കാപ്പൻ അറിയിച്ചുവെന്ന് വെടിപൊട്ടിച്ച് യുഡിഎഫ് കൺവീനർ രംഗത്തെത്തിയിരുന്നു. ജോസ് ഇടതുപ്രവേശം പ്രഖ്യാപിച്ച ഉടനായിരുന്നു ഹസ്സന്റെ വെളിപ്പെടുത്തൽ. എന്നാൽ അത്തരം വാർത്തകർ നിഷേധിച്ച മാണി സി കാപ്പനും എൻസിപി നേതൃത്വവും ഇടത് മുന്നണിയിൽ ഉറച്ച് നൽക്കുമെന്നും വ്യക്തമാക്കി. 

എന്നാൽ പാലാ സീറ്റ് ഉറപ്പിക്കാനുള്ള നീക്കം മാണി സി കാപ്പൻ സജീവമാക്കുന്നുണ്ട്. ശരത്പവാറിനെ അടക്കം ഇടപെടീപ്പിച്ചാണ് കാപ്പന്‍റെ നീക്കം. ഇതിൽ എൻസിപിക്കുള്ളിലും ഭിന്നത കനക്കുകയാണ്. പാലാ വിഷയം അനവസരത്തിലാണെന്നാരോപിച്ച് മന്ത്രി  എ കെ ശശീന്ദ്രൻ തന്നെ രംഗത്തെത്തിയിരുന്നു.

അതേസമയം തദ്ദേശതെരഞ്ഞെടുപ്പിൽ പാലായും സിപിഐ മത്സരിച്ച കാഞ്ഞിരപ്പള്ളി ഉൾപ്പടെ 12 സീറ്റുകളും ജോസ് കെ മാണിക്ക് നൽകാമെന്നാണ് സിപിഎം ധാരണ. തദ്ദേശതെര‌ഞ്ഞെടുപ്പിൽ നേരത്തെ മത്സരിച്ച എല്ലാ സീറ്റിലും ജോസ് വിഭാഗം മത്സരിക്കും. സിപിഎം മത്സരിച്ച ചില സീറ്റുകളും ജോസ് കെ മാണി വിഭാഗത്തിന് നൽകും.