തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തിട്ടും കെടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സ്വന്തം തടി സംരക്ഷിക്കാനുള്ള തത്രപ്പാടിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിന്‍റെ അവസ്ഥ എന്തെന്ന് മുഖ്യമന്ത്രിക്ക് മനസിലായില്ല. എന്ത് ചോദിച്ചാലും മുഖ്യമന്ത്രി പിണറായി വിജയന് മറുപടി ഇല്ല. ഇ ഡി മന്ത്രിയെ വിളിച്ച് ചായയും പരിപ്പ് വടയും നൽകി പറഞ്ഞ് വിട്ടുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംശയ നിവാരണത്തിനാണെങ്കിൽ എന്തിനാണ് തലയിൽ മുണ്ടിട്ട് പോയതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. 

മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ മിണ്ടാതിരുന്ന പിണറായിയാണ് ഇപ്പോൾ മന്ത്രിയെ തടഞ്ഞുവെന്ന് പരാതിപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനം ആരെങ്കിലും ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ആരൊക്കെ പണം സംഭാവന ചെയ്തു അത് എങ്ങന ഒക്കെ ചെലവഴിച്ചു എന്ന് വ്യക്തമാക്കണം. പറഞ്ഞതിലധികം തുക എത്തിയോ എന്ന കാര്യത്തിലും വ്യക്തത വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  

ലൈഫ് മിഷൻ അഴിമതിയെ കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നു. ഒന്നും മറച്ച് വക്കാനില്ലെങ്കിൽ ക്ഷോഭം എന്തിനാണ്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എംഒയു പകർപ്പ് ലഭ്യമാക്കാൻ തയ്യാറായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

വിവാദങ്ങൾ സങ്കൽപ്പകഥകളെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാനാകില്ല. ഇപി ജയരാജന്‍റെ ഭാര്യ അന്തം വിട്ട് ബാങ്കിലേക്ക് ഓടിയെത്തിയത് എന്തിനെന്ന് വ്യക്തമാക്കണം. എടുക്കാനുള്ളതെല്ലാം എടുത്ത് മാറ്റിയ ശേഷം ഒരു പവൻ മാല തൂക്കി നോക്കിയത് ആരുടെ ബുദ്ധിയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കാൻ പൊലീസിനെ നിയോഗിച്ചു. പാർട്ടി സെക്രട്ടറിയുടെ മകന്‍റെ കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു