തിരുവനന്തപുരം: ലൈഫ് മിഷൻ, സ്പ്രിംങ്ക്ലർ കരാറുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തല. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയാരോപണത്തിൽ മടിച്ച് മടിച്ചാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് അന്വേഷണത്തിൽ സത്യം പുറത്തു വരില്ല. നേരത്തെ പല തവണ ആവശ്യപ്പെട്ടിട്ടും തരാതിരുന്ന ലൈഫ് മിഷൻ കരാറിന്റെ ധാരാണാ പത്രത്തിന്റെ പകർപ്പ് ഇന്നലെ തനിക്ക് ലഭിച്ചു.  ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിൽ നിന്ന് രാജിവച്ചതിന് ശേഷമാണ് തനിക്ക് രേഖകൾ തന്നത്. പദ്ധതിയിലെ അഴിമതിയിൽ സിബിഐ അന്വേഷണം തന്നെ വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

'അഴിമതിയെ പറ്റി ചോദിക്കുന്നവർക്കൊക്കെ പ്രത്യേക മാനസിക നിലയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. താനൊഴിച്ച് മറ്റുള്ളവരുടെയെല്ലാം മാനസിക നില തെറ്റി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാട്ടിൽ നല്ലത് നടക്കരുത് എന്നല്ല നാട്ടിൽ അഴിമതി നടക്കരുതെന്നാണ് തന്റെ ആഗഹം. വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലാണ് ലോക കേരള സഭയിൽ നിന്നും രാജിവച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

സ്പ്രിംങ്ക്ലർ കരാർ  എന്തുകൊണ്ട് അവസാനിപ്പിക്കുന്നുവെന്നും ഇതുവരെ സ്പ്രിംങ്ക്ലർ  സോഫ്റ്റ് വെയർ എന്തിനെല്ലാം ഉപയോഗിച്ചുവെന്നും എന്ത് ലാഭം ഇതിലൂടെ സർക്കാരിന് ഉണ്ടായി എന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേ സമയം കൊവിഡ് പടരുന്ന സാഹചര്യത്തിൽ നടക്കുന്ന സമരങ്ങളെ ന്യായീകരിച്ച ചെന്നിത്തല ആരും രാഷ്ട്രീയം പറയരുതെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ചൈനീസ് മോഡൽ ആണോയന്നും കുറ്റപ്പെടുത്തി.  ശിവശങ്കറിന്റെ ചോദ്യം ചെയ്യലിൽ സർക്കാരിന്റെ നെഞ്ചിടിപ്പാണ് കൂടുന്നതെന്നും ചെന്നിത്തല ആരോപിച്ചു.