കൊച്ചി: കേന്ദ്ര ഏജൻസികളുടെ പ്രവര്‍ത്തനങ്ങൾക്ക് എതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപം തോന്നുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ ഏജൻസികൾ കേരളത്തിൽ വന്ന് അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. നാല് മന്ത്രിമാരും, സ്പീക്കർ, മുഖ്യമന്ത്രി എന്നിവർക്കെതിരെ അന്വേഷണം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നടപടി.   പിണറായി വിജയൻ ഹാലിളകി നടക്കുകയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. 

പ്രധാനമന്ത്രിക്ക് കത്തയക്കും എന്ന് പറയുന്ന പിണറായി വിജയൻ പദവി ദുരുപയോഗം ചെയ്യുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസിൽ അടക്കം സത്യം പുറത്ത് വരണമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ആണ് കേരള ജനത ആഗ്രഹിക്കുന്നത്. സ്വ൪ണ്ണക്കടത്ത് പ്രതികളെ സംരക്ഷിക്കുകയാണ് ഈ കത്തിന്റെ ഉദ്ദേശം. പൊതു വികാരത്തിന് എതിരായാണ് മുഖ്യമന്ത്രിയുടെ നടപടിയെന്നും ചെന്നിത്തല ആരോപിച്ചു. 

പ്രതിപക്ഷത്തെ മുഖ്യമന്ത്രി പുലഭ്യം പറയുകയാണ്. അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവർക്കെതിരെ മൗന൦ പാലിക്കുകയാണ്. കത്ത് അയക്കുന്നത് തെറ്റായ കീഴ് വഴക്ക൦ ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു