തിരുവനന്തപുരം: ലോകകേരള സഭയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ആഡംബരമായി മാറിയെന്ന് ചെന്നിത്തല ആരോപിച്ചു. അത് ധൂര്‍ത്തിന്‍റെ പര്യായമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോക കേരള സഭ രണ്ടാം സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ചെന്നിത്തല പറ‌ഞ്ഞു. ലോകകേരള സഭയ്ക്കു ശേഷം ബിസിനസ് സംരംഭം തുടങ്ങാന്‍ വന്ന രണ്ടുപേരാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത പ്രവാസികൾക്ക് (സുഗതന്‍. സാജന്‍) ഇതുവരെ നീതി കിട്ടിയിട്ടില്ല.  പ്രവാസികള്‍ക്ക് ഈ സഭ മൂലം ഒരു പ്രയോജനവും ഇല്ല. പ്രവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍.

ലോക കേരള സഭ ഒരു കാപട്യമായി മാറി. ആ കാപട്യത്തോട് ചേര്‍ന്നു നില്‍ക്കേണ്ട ഉത്തരവാദിത്തം  കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ല. അതുകൊണ്ടാണ് രണ്ടാം സഭയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ആ തീരുമാനം 100 ശതമാനം ശരിയാണ് എന്നതിനെ സാധൂകരിക്കുന്ന കാര്യങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.