തിരുവനന്തപുരം: സ്പ്രിംക്ലർ കരാര്‍ പരിശോധിക്കാന്‍ രണ്ട് വിരമിച്ച ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഇടപാടിനെ വെള്ളപൂശാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാ നടപടിക്രമങ്ങളും കാറ്റില്‍ പറത്തി ഉണ്ടാക്കിയ ഈ അന്താരാഷ്ട്ര കരാര്‍ പരിശോധിക്കാന്‍ ഈ സമിതിക്ക് പ്രാപ്തിയില്ല. ഈ സമിതിയിലെ രണ്ടു പേരും  സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥരാണ്. ഇവര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ വിളിച്ചു വരുത്തി പരിശോധിക്കാനോ ഉദ്യോഗസ്ഥരെയും ഐ.ടി വകുപ്പിന്റെ മന്ത്രിയായ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യാനോ കഴിയില്ല. 

തട്ടിക്കൂട്ട് കരാര്‍ അന്വേഷിക്കുന്നതിന് തട്ടിക്കൂട്ട് സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. സ്പ്രിംക്ലർ കമ്പനിയെ കുറിച്ച് ഉയര്‍ന്ന ആരോപണമെല്ലാം പച്ചക്കള്ളമാണെന്നും നുണയാണെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.  നുണയാണെങ്കില്‍ അന്വേഷണ സമിതിയെ വച്ചതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

കൊവിഡ് കാലം കഴിഞ്ഞ ശേഷം അന്വേഷിക്കാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറയുന്നത്.  അരുതാത്തത് നടന്നിട്ടിണ്ടെന്നും അത് പിന്നീട് പരിശോധിക്കാമെന്നുമാണ്  അതിനര്‍ത്ഥം. വിവരങ്ങളെല്ലാം ചോര്‍ന്നു കഴിഞ്ഞിട്ട് അന്വേഷിച്ചിട്ട് എന്തു ഫലമാണ് ഉണ്ടാവുക? കരാറിനെപ്പറ്റി പ്രതിപക്ഷം ഉന്നയിച്ച ആരോപണം സിപിഎമ്മും ശരി വച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.