Asianet News MalayalamAsianet News Malayalam

ഡിജിപിയെ പുറത്താക്കണം, പിണറായി ബെഹ്റയെ സംരക്ഷിക്കുന്നതെന്തിന്? വെടിയുണ്ട വിവാദത്തിൽ ചെന്നിത്തല

ഡിജിപി ലോക്നാഥ് ബെഹ്റയെ ഉടൻ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ramesh chennithala demands lokanath behera sacking in police bullet controversy
Author
Trivandrum, First Published Feb 12, 2020, 5:18 PM IST

തിരുവനന്തപുരം: കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വൻ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ കണ്ടെത്തലിന് പിന്നാലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിപി ലോക്നാഥ് ബെഹ്റയെ ഉടൻ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വിജിലൻസ് അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരില്ലെന്ന് പറഞ്ഞ ചെന്നിത്തല ആയുധങ്ങൾ നഷ്ടപ്പെട്ടെന്ന കണ്ടെത്തൽ അതീവ ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി. ആയുധം നഷ്ടപ്പെട്ടതിൽ എൻഐഎ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അനാവശ്യമായി ഡിജിപിയെ സംരക്ഷിക്കുന്നുവെന്നാരോപിച്ച ചെന്നിത്തല. ഒരു സംസ്ഥാനത്തും ഇല്ലാത്ത സുരക്ഷാപ്രശ്നമാണ് കേരളത്തിൽ ഉടലെടുത്തിരിക്കുന്നതെന്നും ആരോപിച്ചു.

കേരളാ പൊലീസിന്‍റെ വെടിക്കോപ്പുകളിൽ വൻ കുറവുണ്ടെന്നാണ് സിഎജിയുടെ കണ്ടെത്തൽ. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും ഗുരുതരമായ കണ്ടെത്തൽ ഇതാണ്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വച്ചു. സംഭവം മറച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തു. രേഖകൾ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. 

തിരുവനന്തപുരം എസ്‍എപിയിൽ നിന്ന് മാത്രം 25 റൈഫിളുകൾ കാണാനില്ല. സംസ്ഥാന പൊലീസിന്‍റെ ആയുധശേഖരത്തിൽ വൻ കുറവ് കണ്ടെത്തിയിട്ടുണ്ടെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ആയുധശേഖരം പരിശോധിക്കണമെന്നും സിഎജി ആവശ്യപ്പെടുന്നു. 

രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള കോളിളക്കമുണ്ടാക്കുന്ന കണ്ടെത്താലാണ് സിഎജിയുടേത്. സംസ്ഥാന നിയമസഭയിൽ ഇന്ന് സമർപ്പിച്ച സിഎജി റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്. 

നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‍റയ്ക്ക് എതിരെത്തന്നെ രൂക്ഷമായ, ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. പൊലീസ് ക്വാർട്ടേഴ്സ് നിർമാണത്തിനുള്ള തുക വകമാറ്റിയെന്നും കാറുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നുമാണ് കണ്ടെത്തൽ. ഇത് പുറത്ത് വന്നതിന് പിന്നാലെയാണ് വെടിക്കോപ്പുകളിലെ വൻ കുറവ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios