തിരുവനന്തപുരം: നര്‍ത്തകന്‍ ആർ.എൽ.വി രാമകൃഷ്‌ണൻ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന വാര്‍ത്തയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദളിത് വിവേചനം രാജ്യമെമ്പാടും ചർച്ച ചെയ്യവേ, അപമാനഭാരത്താൽ ഒരു കലാകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു എന്നത് അങ്ങേയറ്റം ഗൗരവത്തോടെ കാണണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കുറ്റാരോപിതരെ ചുമതലയിൽ നിന്ന് മാറ്റിനിർത്തുകയും മാതൃകാപരമായി ശിക്ഷ നൽകുന്നതിനായി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി ഏ.കെ.ബാലനോട് ആവശ്യപ്പെടുന്നുമുണ്ട് പ്രതിപക്ഷ നേതാവ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

സംഗീത നാടക അക്കാദമി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായ അപമാനത്തിൽ മനംനൊന്ത് കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്‌ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാർത്ത ഞെട്ടിച്ചു.

നൃത്തകലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ആർ.എൽ.വി രാമകൃഷ്ണൻ. ദാരിദ്രത്തോടും അവഗണയോടും പടപൊരുതിയാണ്‌ കലാരംഗത്ത് അറിയപ്പെടുന്ന ഒരാളായി മാറിയത്. പിജിയിൽ റാങ്ക് നേടുകയും പിന്നീട് ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്ത ഈ പ്രതിഭയെ ആത്മഹത്യയിലേക്ക് തള്ളിയിട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. 

ദളിത് വിവേചനം രാജ്യമെമ്പാടും ചർച്ച ചെയ്യവേ, അപമാനഭാരത്താൽ ഒരു കലാകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു എന്നത് അങ്ങേയറ്റം ഗൗരവത്തോടെ മന്ത്രി കാണണം. സംഗീത നാടക അക്കാദമിയുടെ നേരെ ഉയരുന്ന ദളിത് വിരുദ്ധ രീതികൾക്ക്‌ നേരെ കണ്ണടയ്ക്കരുത്. ദുർബല വിഭാഗത്തെ ചേർത്തു നിർത്താനും അവരിൽ ആത്‌മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.

അക്കാദമി ഓൺലൈൻ വഴി സംഘടിപ്പിക്കുന്ന മോഹിനിയാട്ടം പരിപാടിയിൽ പങ്കെടുക്കാൻ ആർ.എൽ.വി രാമകൃഷ്ണന് അവസരം നിഷേധിക്കാൻ പാടില്ലായിരുന്നു. അദ്ദേഹത്തെ ഒഴിവാക്കി എന്ന് മാത്രമല്ല നുണപ്രചാരണത്തിലൂടെ സമൂഹത്തിന് മുന്നിൽ കുറ്റക്കാരനാക്കി ചിത്രീകരിക്കുകയും ചെയ്തു. ആർ.എൽ.വി രാമകൃഷ്ണനോട് കാട്ടിയ അപരാധത്തിനു അക്കാദമി പരസ്യമായി മാപ്പ് പറയണം. ആർ.എൽ.വി രാമകൃഷ്ണന് ഐക്യദാർഢ്യം.