'പ്രാർത്ഥനകൾ സഫലമായി. പ്രിയ അഭിനന്ദൻ പിറന്നനാട്ടിൽ മടങ്ങിയെത്തി. ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ഈ വൈമാനികൻ. അഭിനന്ദനം അഭിനന്ദൻ'; ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: ഇന്ത്യയുടെ വീര പുത്രന്‍ വിങ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് അഭിനന്ദനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

'പ്രാർത്ഥനകൾ സഫലമായി. പ്രിയ അഭിനന്ദൻ പിറന്നനാട്ടിൽ മടങ്ങിയെത്തി. ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ഈ വൈമാനികൻ. അഭിനന്ദനം അഭിനന്ദൻ'; ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

നയതന്ത്ര നീക്കങ്ങളും ആകാംക്ഷ നിറഞ്ഞ മണിക്കൂറുകള്‍ക്കും ഒടുവിലായിരുന്നു അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ മോചനം. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിങ് കമാന്‍ററെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയിരുന്നു. അഭിനന്ദന്‍റെ കുടുംബാംഗങ്ങളും സ്വീകരണ ചടങ്ങിന് എത്തി. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്.

പാക് പിടിയിലായി മൂന്ന് ദിവസത്തിനകം തന്നെ വിങ് കമാന്‍റര്‍ അഭിനന്ദിനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനായത് വലിയ നയതന്ത്ര വിജയമെന്നാണ് വിലയിരുത്തുന്നത്. ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഗ അതിര്‍ത്തിയില്‍ വിങ് കമാന്‍ററെ കാത്തുനിന്നത്.