സബ്എഡിറ്ററുടെ പിഴവ് മാത്രമാണ് സംഭവിച്ചത്. അക്കാര്യത്തില്‍ അതൃപ്‍തി ഇല്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

കാസര്‍കോട്: ഐശ്വര്യകേരള യാത്രയ്ക്ക് 'ആദരാഞ്ജലികൾ' അർപ്പിച്ചുള്ള വീക്ഷണം പത്രത്തിലെ പ്രയോഗത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീക്ഷണത്തിലെ ആദരാഞ്ജലി പ്രയോഗത്തില്‍ അതൃപ്‍തിയില്ല. സബ്എഡിറ്ററുടെ പിഴവ് മാത്രമാണ് സംഭവിച്ചത്. അക്കാര്യത്തില്‍ അതൃപ്‍തി ഇല്ലെന്നുമായിരുന്നു ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

ഇന്നത്തെ വീക്ഷണം പത്രത്തിലെ അവസാന പേജിലെ യാത്ര സ്പെഷ്യൽ സപ്ളിമെന്‍റില്‍ ആശംസകൾക്ക് പകരമുള്ളത് നീളത്തിൽ നിരവധി തവണ ആദരാജ്ഞലികളെന്നാണ്. പത്രം കണ്ടതിന് പിന്നാലെ കാസർകോട് നിന്നും ചെന്നിത്തല വീക്ഷണം പ്രതിനിധികളെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. പരിശോധിക്കാൻ കെപിസിസിയോടും ആവശ്യപ്പെട്ടു. പിടി തോമസ് ഒഴിഞ്ഞശേഷം വീക്ഷണം എംഡി സ്ഥാനം കെവി തോമസിന് നൽകിയെങ്കിലും അദ്ദേഹം ഏറ്റെടുക്കാത്തതിനെ തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫിനാണിപ്പോൾ ചുമതല.

പുറത്തുള്ളൊരു ഏജൻസിയാണ് യാത്രക്ക് പിന്തുണ നൽകിക്കൊണ്ടുള്ള അവസാന പേജ് തയ്യാറാക്കിയത്. പക്ഷെ പ്രൂഫ് പരിശോധിക്കേണ്ടവർക്കടക്കം പാളിച്ചയുണ്ടായെന്ന് ജെയ്സൺ സമ്മതിച്ചു. വീക്ഷണം പ്രതിനിധികളോട് വിശദീീകരണം തേടിയെന്നും എംഡി അറിയിച്ചു.