കണ്ണൂര്‍: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയുണ്ടായി. സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതികള്‍ക്ക് ഉയര്‍ന്ന ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേസ് ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടിയുണ്ടാകണം. കേരളത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുള്ളതിന് തെളിവാണ് ഈ കേസ്. കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. 

കോടതി ആദ്യം  കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ രാജേഷിനെ  വിചാരണ വേളയിൽത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായിതിനെയും ചെന്നിത്തല കുറ്റപ്പെടുത്തി. എന്താണ് ഇവിടെ നടക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. അതേസമയം വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ പോകാൻ തീരുമാനിച്ചു. അപ്പീൽ നൽകുന്നതിനെക്കുറിച്ച് നിയമോപദേശം നേടിയ പൊലീസ് പൂർണമായ വിധിപകർപ്പ് കിട്ടിയശേഷം അപ്പീല്‍ നല്‍കും. പെൺകുട്ടികൾ ആത്മഹത്യചെയ്ത കേസിലെ നാല് പ്രതികളെയും വെറുതെ വിട്ടതോടെ അന്വേഷണ സംഘത്തിന് നേരെ വിമർശനം ശക്തമായിരുന്നു.

ഇരുവരും നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ശക്തമായ തെളിവുകളും മൊഴികളും ശേഖരിക്കുന്നതിൽ പൊലീസിന് പറ്റിയ വീഴ്ചയാണ് പ്രതികളെ വെറുതെവിടാൻ കാരണമെന്നായിരുന്നു ആരോപണം. ഈ സാഹചര്യത്തിലാണ് വിധിക്കെതിരെ അപ്പീൽ പോകുന്നത്. എന്നാല്‍ അന്വേഷണത്തിൽ പാളിച്ചപറ്റിയില്ലെന്നാണ് പൊലീസ് നിഗമനം. വിധിപ്പകർപ്പ് കിട്ടിയശേഷം തുടർസാധ്യതകൾ പരിശോധിച്ചാവും അപ്പീൽനൽകുക. ഇതുസംബന്ധിച്ച് ഹൈക്കോടതി പ്ലീഡര്‍മാരുമായി തൃശ്ശൂർ റേഞ്ച് ഡിഐജി അറിയിച്ചു. പുനരന്വേഷണ സാധ്യതയില്ലെന്നാണ് നിലവൽ പൊലീസിന്‍റെ നിലപാട്. അതേസമയം വിചാരണ വേളയിൽത്തന്നെ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്ന ആരോപണം ശക്തമാണ്.