തിരുവനന്തപുരം: വിവാദമായ റെഡ് ക്രസന്‍റ് ഇടപാടുമായി ബന്ധപ്പെട്ട  രേഖകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നൽകി. രേഖകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞമാസം 11 ന് ചെന്നിത്തല കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇവ ലഭ്യമാക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും കത്ത് നല്‍കിയത്. രേഖകൾ തന്നില്ലങ്കിൽ ടാസ്ക് ഫോഴ്സിൽ നിന്ന് ഒഴിവാക്കുന്നതിന് ഉള്ള നടപടി സ്വീകരിക്കണം  എന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍റെ ടാസ്ക് ഫോഴ്‍സിന്‍റെ പ്രത്യേക ക്ഷണിതാവാണ് പ്രതിപക്ഷ നേതാവ്.

വിവാദങ്ങള്‍ക്കിടെ, ലൈഫ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന പുതിയ ഫ്ളാറ്റുകള്‍ക്ക് സര്‍ക്കാര്‍ തറക്കല്ലിടാനൊരുങ്ങുകയാണ്. വരുന്ന വ്യാഴാഴ്ച ഓണ്‍ലൈനിലൂടെ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് നിര്‍മാണോദ്ഘാടനം നിര്‍വ്വഹിക്കുക. 14 ജില്ലകളിലും തറക്കല്ലിടല്‍ ചടങ്ങ് നടക്കും.

സംസ്ഥാനത്ത് കിടപ്പാടമില്ലാത്തവര്‍ക്കായി പിണറായി സര്‍ക്കാര്‍ അഭിമാനപൂര്‍വം തുടങ്ങിയ ലൈഫ് പദ്ധതിയാണ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ വിവാദത്തിലേക്ക് വീണത്. ലൈഫ് ഇടപാടില്‍ കമ്മീഷന്‍ പറ്റിയവരില്‍ മന്ത്രിപുത്രന്‍ വരെയുണ്ടെന്ന ആരോപണം പദ്ധതിയുടെ സല്‍പേരിന് കളങ്കമായി. എന്നാല്‍ വിവാദങ്ങളൊന്നും പദ്ധതിയെ ബാധിച്ചിട്ടില്ലെന്ന വാദവുമായാണ് 14 ജില്ലകളിലും ഫ്ളാറ്റ് സമുച്ഛയങ്ങള്‍ക്ക് തറക്കല്ലിടുന്നത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവര്‍ക്കായാണ് സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയില്‍ ഫ്ളാറ്റുകള്‍ നിര്‍മിക്കുന്നത്. 

14 ജില്ലകളിലായി 29 കേന്ദ്രങ്ങളിലാണ് പുതിയ ഫ്ളാറ്റുകള്‍ ഉയരുന്നത്. കണ്ണൂരില്‍ അഞ്ചിടത്തും കോഴിക്കോട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ മൂന്നിടങ്ങളിലും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടിടങ്ങളിലുംകാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഓരോ കേന്ദ്രങ്ങളിലുമാണ് വരുന്ന 24ന് ഫ്ളാറ്റുകള്‍ക്ക് തറക്കല്ലിടുന്നത്. 

നിലവില്‍ വടക്കാഞ്ചേരിയില്‍ റെഡ് ക്രസന്‍റ് സഹായത്തോടെ നിര്‍മിക്കുന്ന ഫ്ളാറ്റ് ഉള്‍പ്പെടെ എട്ട് ഫ്ളാറ്റുകളുടെ നിര്‍മാണം പുരോഗമിക്കുന്നുമുണ്ട്. വീട് പണി പാതി വഴിയില്‍ നിലച്ചുപോയവര്‍ക്കായുളള ലൈഫ് പദ്ധതിയിലെ സ്കീം ഒന്ന് പ്രകാരം 97 ശതമാനം പേര്‍ക്കും സ്വന്തമായി ഭൂമിയുളള ഭവനരഹിതര്‍ക്കായുളള സ്കീം രണ്ട് പ്രകാരം 83 ശതമാനം പേർക്കും ഇതിനകം ലൈഫ് പദ്ധതി പ്രകാരം വീട് നല്‍കിയതായാണ് സര്‍ക്കാര്‍ കണക്ക്. ഈ മൂന്ന് പദ്ധതികളിലും ഉള്‍പ്പെടാതെ പോയവര്‍ക്കായി വീണ്ടും സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതുവരെ എട്ട് ലക്ഷത്തോലം പേര്‍ അപേക്ഷ നില്‍കിയതായാണ് ലൈഫ് അധികൃതര്‍ നല്‍കുന്ന കണക്ക്. ഈ മാസം 23 വരെ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.