തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സിലബസ് ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തിലെങ്കിലും, പാഠ്യഭാഗങ്ങള്‍ അടിയന്തിരമായി കുറയ്ക്കണമെന്നാണ് ആവശ്യം. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സിബിഎസ്ഇ/ ഐസിഎസ്ഇ സിലബസ്സുകള്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

ചെന്നിത്തലയുടെ വാക്കുകള്‍

ഇക്കൊല്ലത്തെ അദ്ധ്യയനവര്‍ഷം അവസാനിക്കാന്‍ ഏതാനും  മാസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. നിലവിലെ   സിലബസ്സില്‍ യാതൊരുമാറ്റവും വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ നിലവിലെ സിലബസ്സ് പൂര്‍ണ്ണമായും എങ്ങനെ പൂര്‍ത്തീകരിക്കാനാവുമെന്നത് സംബന്ധിച്ച് അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ആശങ്കകളുണ്ട്. സിലബസ്സ് പ്രകാരമുളള അദ്ധ്യയനം  ഇപ്പോള്‍ തന്നെ കൃത്യമായി നടത്താന്‍ കഴിയുന്നില്ല.  വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ക്ലാസുകള്‍ക്ക് പ്രായോഗിക പരിമിതികളുണ്ട്.

പല വിദ്യാര്‍ത്ഥികള്‍ക്കും പാഠ്യഭാഗങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുണ്ട്. വ്യത്യസ്ത പഠന നിലവാരവും, ബൗദ്ധിക ശേഷിയും പുലര്‍ത്തുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളെ മാത്രം ആശ്രയിച്ച് നിലവിലുള്ള സിലബസ്സ് പ്രകാരമുള്ള മുഴുവന്‍ പാഠ്യവിഷയങ്ങളും  എങ്ങനെ സ്വാംശീകരിക്കാനാകുമെന്നും വാര്‍ഷിക പരീക്ഷകയില്‍ സ്വാഭാവിക മികവ്  എങ്ങനെ പ്രകടിപ്പിക്കാനാകുമെന്നും ആശങ്കയുണ്ട്.

സിലബസ് ലഘൂകരിക്കാതെ വാര്‍ഷിക പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളില്‍ കടുത്ത മാനസ്സിക സമ്മര്‍ദ്ദം ഉണ്ടാക്കും. കൊവിഡിന്‍റെ സാഹചര്യത്തില്‍ അയല്‍സംസ്ഥാനങ്ങളും   സിലബസ്സ് ലഘൂകരിച്ചിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ സംസ്ഥാന സിലബസില്‍,  പ്രത്യേകിച്ച്, 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തിലെങ്കിലും, പാഠ്യഭാഗങ്ങള്‍ അടിയന്തിരമായി കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണം