തിരുവനന്തപുരം: കേരളത്തില്‍ റമദാൻ വ്രതം ആരംഭിച്ചു. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പള്ളികളില്‍ സമൂഹ പ്രാര്‍ത്ഥനകള്‍ ഉണ്ടാകില്ല. റമദാൻ
രാത്രികളിലെ പ്രത്യേക നമസ്ക്കാരം ഉള്‍പ്പടെയുള്ളവ വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്നാണ് അഭ്യര്‍ത്ഥന.

പുണ്യങ്ങളുടെ പൂക്കാലവുമായി വീണ്ടുമൊരു റമദാൻ. ഇനി വ്രതശുദ്ധിയുടെ നാളുകള്‍. പ്രാര്‍ത്ഥനകള്‍ അധികരിപ്പിക്കുന്ന ദിനങ്ങള്‍. മറ്റൊരിക്കലുമില്ലാത്ത വിധം കേരളത്തില്‍ ലോക്ഡൗണ്‍ കാലത്താണ് ഈ നോമ്പ് കാലം. മസ്ജിദുകള്‍ അടഞ്ഞ് കിടക്കുന്നു. അവരവരുടെ വീടുകള്‍ തന്നെ ആരാധനാലയങ്ങളാക്കി മാറ്റണമെന്നാണ് പണ്ഡിതരുടെ നിര്‍ദേശം. റമദാനിലെ പ്രത്യേക ദീര്‍ഘ പ്രാര്‍ത്ഥന അടക്കമുള്ളവയൊന്നും പള്ളികളില്‍ ഉണ്ടാവില്ല.  

റമദാൻ മാസം കാരുണ്യത്തിന്‍റേതും പരസ്പര സഹകരണത്തിന്‍റേതുമാണ്. ജോലിയും വരുമാനമുമില്ലാതെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം അവരുടെ വീടുകളില്‍ എത്തിച്ച് നല്‍കണമെന്നാണ് ഖാസിമാരുടെ അഭ്യര്‍ത്ഥന.

കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ഇനിയുള്ള ഒരു മാസക്കാലം മുസ്ലീംങ്ങള്ക്ക് ആത്മ സംസ്ക്കരണത്തിന്‍റെ ദിനങ്ങള്‍ തന്നെ. വിശ്വാസിയുടെ ആരോഗ്യ, മാനസിക ഘടനയെ സംസ്‌കരിച്ചെടുക്കുന്നതിനുള്ള മഹത്തായ ഉപാധികൂടിയാവുകയാണ് വ്രതാനുഷ്ഠാനം.