തിരുവനന്തപുരം: മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തീർക്കാൻ  ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടൽ എത്താനിരിക്കെ കേരള എൻസിപിയിൽ തർക്കം. എ കെ ശശീന്ദ്രൻ പക്ഷത്തെ പ്രമുഖനായ റസാഖ് മൗലവിയെ അച്ചടക്കം ലംഘനത്തിന്‍റെ പേരിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി പി പീതാംബരൻ പുറത്താക്കി. നടപടിക്കെതിരെ ദേശീയ നേതൃത്വത്തെ സമീപിക്കുമെന്ന് ശശീന്ദ്രൻ പക്ഷം പ്രതികരിച്ചു.

എൻസിപിയുടെ മന്ത്രി എ കെ ശശീന്ദ്രനോ, തോമസ് കെ തോമസോ, ആര് മന്ത്രിയാണമെന്നതിൽ പാർട്ടിയിൽ തർ‍ക്കം രൂക്ഷമാണ്. പ്രഫുൽ പട്ടേലുമായുള്ള ചർച്ചകളിലാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതിനിടെയാണ് നേതാക്കളെ പിന്തുണയ്ക്കുന്നവരെ വെട്ടിനിരത്തി ഗ്രൂപ്പ് പോര് ശക്തമാക്കുന്നത്. പാലായിൽ മാണി സി കാപ്പന്‍റെ വിജയത്തെ പ്രകീർത്തിച്ച സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരനെ വിമർശിച്ചതിനാണ് ശശീന്ദ്രൻ പക്ഷത്തെ പ്രമുഖനായ റസാഖ് മൗലവിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. തൊട്ട് പിറകെ നിശ്ചയിച്ച സമയത്ത് മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടി പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പീതാംബരൻ മാസ്റ്ററുടെ നടപടി തോമസ് കെ തോമസിന് വേണ്ടിയാണെന്നാണ് എ കെ ശന്ദീന്ദ്രൻ പക്ഷം ആരോപിക്കുന്നത്. നടപടി ചോദ്യം ചെയ്ത് ദേശീയ നേതൃത്വത്തെ സമീപിക്കുമെന്ന് റസാഖ് മൗലവിയും പ്രതികരിച്ചു.

മാണി സി കാപ്പൻ പാ‍ര്‍ട്ടി വിട്ടതോടെ തോമസ് കെ തോമസിന്‍റെ നേതൃത്വത്തിൽ എൻസിപിയിൽ പുതിയ ചേരി രൂപംകൊണ്ടിട്ടുണ്ട്. ടി പി പീതാംബരന്‍റെ പിന്തുണയും തോമസ് കെ തോമസിനാണ്. തെരഞ്ഞെടുപ്പിന് പിറകെ ശശീന്ദ്രൻ പക്ഷത്തെ മറ്റ് മൂന്ന് നേതാക്കൾക്ക് കൂടി ടി പി പീതാംബരൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര പിന്തുണയോടെ സംസ്ഥാന തലത്തിൽ പുനസംഘടനയ്ക്കും എ കെ ശശീന്ദ്രൻ പക്ഷം ശ്രമിക്കുന്നു. ടി പി പീതാംബരനെ മാറ്റി പി സി ചാക്കോയെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരാനുള്ള നീക്കവും എ കെ ശശീന്ദ്രൻ വിഭാഗം തുടങ്ങിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona