തൃത്താലയിൽ ഷാഫി പറമ്പിലും വിടി ബൽറാമും ഒളിച്ചിരുന്ന് അവാസ്തവം പ്രചരിപ്പിക്കുകയാണെന്നും സംവാദത്തിന് വരാൻ പേടിയുള്ളതുകൊണ്ട് പ്രതിപക്ഷ നേതാവിന്‍റെ തലയിൽ കൊണ്ട് ഇടുകയാണ് ബൽറാമെന്നും എംബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സമയവും സ്ഥലവും പറഞ്ഞാൽ എപ്പോൾ വേണമെങ്കിലും വികസന സംവാദത്തിന് തയ്യാറാണെന്ന് എംബി രാജേഷ് ആവര്‍ത്തിച്ചു
പാലക്കാട്: തൃത്താലയിൽ ഷാഫി പറമ്പിലും വിടി ബൽറാമും ഒളിച്ചിരുന്ന് അവാസ്തവം പ്രചരിപ്പിക്കുകയാണെന്നും സംവാദത്തിന് വരാൻ പേടിയുള്ളതുകൊണ്ട് പ്രതിപക്ഷ നേതാവിന്‍റെ തലയിൽ കൊണ്ട് ഇടുകയാണ് ബൽറാമെന്നും എംബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട്. വിഡി സതീശനും പിണറായി വിജയനും തമ്മിൽ സംവാദം വേണമെന്ന ബൽറാമിന്‍റെ പ്രഖ്യാപനത്തോടായിരുന്നു എംബി രാജേഷിന്‍റെ മറുപടി. ബൽറാമുമായി പരസ്യ സംവാദത്തിന് എംബി രാജേഷ് വെല്ലുവിളിച്ചിരുന്നു. എന്നാൽ, എംബി രാജേഷുമായി സംവാദം നടത്തി സമയം കളയാൻ ഇല്ലെന്നും ജനം തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നുമായിരുന്നു ബൽറാമിന്‍റെ മറുപടി.
സമയവും സ്ഥലവും പറഞ്ഞാൽ എപ്പോൾ വേണമെങ്കിലും വികസന സംവാദത്തിന് തയ്യാറാണെന്ന് എംബി രാജേഷ് ആവര്‍ത്തിച്ചു.ബൽറാമിനെ സംവാദത്തിന് ക്ഷണിച്ച് സ്വയം ലജ്ജ തോന്നുന്നുവെന്നും എം. ബി. രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കോങ്ങാടും മലമ്പുഴയും കോൺഗ്രസ്-ബിജെപി ഡീൽ എന്ന എ. കെ. ബാലന്‍റെ ആരോപണം ശരിയാകാൻ സാധ്യതയുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു. അവിടെ ഡീലിനുള്ള എല്ലാ സാധ്യതയമുണ്ട്.മലമ്പുഴയിൽ കോൺഗ്രസുകാർ പോലും ഞെട്ടിപ്പോകുന്ന തരത്തിൽ ദുർബലനായ സ്ഥാനാർഥിയെയാണ് നിർത്തിയതെന്നും എംബി രാജേഷ് പറഞ്ഞു.മലമ്പുഴയിൽ സുരേഷിന് കൈപ്പത്തി ചിഹ്നം നൽകി എന്ന ഷാഫിയുടെ വാദമൊക്കെ ചാനൽ മൈക്കിന് മുന്നിൽ നിന്ന് പറയാം എന്നേയുള്ളൂവെന്നും നേമത്തും തൃശൂരുമൊക്കെ കൈപ്പത്തി ചിഹ്നം തന്നെ ആയിരുന്നല്ലോ, വോട്ടുകൾ എവിടേക്ക് പോയെന്നും എംബി രാജേഷ് ചോദിച്ചു.


