തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളുമായി ലനയത്തിന് തയ്യാറെന്ന് ജെഡിഎസ്. വീരേന്ദ്രകുമാറുമായി പ്രാഥമിക ചർച്ച നടത്തിയെന്ന് ജെഡിഎസ് നേതൃത്വം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സി കെ നാണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എം പി വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദൾ യുഡിഎഫ് വിട്ട് ഇടത് മുന്നണിയിലേക്ക് ചേക്കേറിയതോടെയാണ് എൽജെഡി - ജെ‍ഡിഎസ് ലയന ചർച്ചകൾ തുടങ്ങുന്നത്. എന്നാൽ ദേശീയ തലത്തിൽ എച്ച് ഡി ദേവഗൗഡയുടെയും ശരത് യാദവിന്‍റെയും നേതൃത്വത്തിൽ രണ്ട് വ്യത്യസ്ത പാർട്ടികളായിരിക്കെ കേരളത്തിൽ എങ്ങനെയാണ് ലയനം സാധ്യമാകുകയെന്നതായിരുന്നു നേതാക്കളുടെയും അണികളുടെയും മുന്നിലുള്ള പ്രശ്നം. ദേശീയ നേതാക്കളുമായി കൂടി ആലോചിച്ച ശേഷമാകും തുടർനീക്കങ്ങൾ

രണ്ട് പ്രമുഖ പാർട്ടികൾ തമ്മിൽ ഒന്നിക്കാൻ ലോക് താന്ത്രിക് ജനതാദളിന് നേരത്തെ തന്നെ സമ്മതമാണ്. തുടർ ചർച്ചകൾക്കായി എൽജെഡി അഞ്ചംഗ സമിതിയെയും നേരത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. 

ജെഡിഎസിൽ മാത്യു ടി തോമസ് ലയനത്തിനോടിപ്പോഴും പൂർണ്ണമായും യോജിക്കുന്നില്ലെങ്കിലം സംസ്ഥാന നേതൃത്വം അത് കാര്യമാക്കുന്നില്ല. തിരുവല്ല സീറ്റാണ് പ്രശ്നം. എൽജെഡി നേതാവ് വർഗ്ഗീസ് ജോർജ്ജിന്‍റെയും തട്ടകമാണ് തിരുവല്ല.

സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയംസ്കുമാറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ എൽജെഡി സമിതി ജെഡിഎസുമായി ചർച്ച തുടരും. ലയനശേഷം ഏത് പാർട്ടി നിലനിൽക്കും, ആരാകും സംസ്ഥാന അധ്യക്ഷൻ എന്നിവയിലെലെലാം അനിശ്ചിതത്വമുണ്ട്. ജെഡിഎസ്സിന് മൂന്ന് എംഎൽഎമാരുണ്ട്. എൽജെഡിക്ക് ഒരു എംപി. ഇരുപാർട്ടികളും ലയിച്ച് ഒറ്റ പാർട്ടിയാകുന്നതിനോട് സിപിഎമ്മിനും യോജിപ്പാണ്.