Asianet News MalayalamAsianet News Malayalam

ലോകത്ത് അതിവേഗം വളരുന്ന നഗരമായി മലപ്പുറം; യാഥാര്‍ത്ഥ്യമിതാണ്

സര്‍വേ പ്രകാരം 2015നും 2020നും ഇടയില്‍ മലപ്പുറത്ത് 44.1 ശതമാനത്തിന്‍റെ ജനസംഖ്യാ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, രണ്ടാം സ്ഥാനത്തുള്ള വിയറ്റ്നാമിലെ കാന്‍ തോ നഗരത്തിന്‍റെ ജനസംഖ്യാ വളര്‍ച്ച 36.7 ശതമാനമാണ്. ചൈനയില്‍ സുഖ്യാന്‍ 36.6 ശതമാനവുമായി മൂന്നാമത് നില്‍ക്കുമ്പോള്‍ 34.5 ശതമാനവുമായി കോഴിക്കോട് നാലാം സ്ഥാനത്ത് നില്‍ക്കുന്നു

reasons behind malappuram become fast growing city in world
Author
Thiruvananthapuram, First Published Jan 10, 2020, 11:39 AM IST

തിരൂര്‍: ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മൂന്ന് നഗരങ്ങളാണ് ഇടം പിടിച്ചത്. ഇക്കോണമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ (ഇഐയു) സര്‍വേ പ്രകാരം മലപ്പുറം ആദ്യ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കോഴിക്കോട് നാലാമതും കൊല്ലം പത്താമതുമാണ്. ഇന്ത്യയില്‍ നിന്ന് മറ്റൊരു നഗരത്തിന് പോലും ആദ്യ പത്തില്‍ ഇടം നേടാനായില്ല. യുഎന്നിന്‍റെ ജനസംഖ്യ കണക്ക് ഉപയോഗിച്ചാണ് ഇഐയു വളരുന്ന നഗരങ്ങളെ കുറിച്ചുള്ള സര്‍വേ നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

നഗരപ്രദേശങ്ങളെ എങ്ങനെ തരംതിരിക്കുന്നു

  1. നഗരസഭ, കോര്‍പ്പറേഷന്‍ തുടങ്ങിയവ നഗരപ്രദേശങ്ങളാണ്
  2. കുറഞ്ഞത് 5,000ത്തിന് മുകളില്‍ ജനസംഖ്യ
  3. 75 ശതമാനം പുരുഷന്മാരും കൃഷി ഇതര ജോലികളില്‍ ഏര്‍പ്പെടുന്നവരായിരിക്കണം
  4. ഒരു സ്ക്വയര്‍ കിലോമീറ്ററിനുള്ളിലെ ജനസാന്ദ്രത 400ന് മുകളില്‍

 

എങ്ങനെ മലപ്പുറം ഒന്നാമതായി?

സര്‍വേ പ്രകാരം 2015നും 2020നും ഇടയില്‍ മലപ്പുറത്ത് 44.1 ശതമാനത്തിന്‍റെ ജനസംഖ്യാ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, രണ്ടാം സ്ഥാനത്തുള്ള വിയറ്റ്നാമിലെ കാന്‍ തോ നഗരത്തിന്‍റെ ജംനസംഖ്യാ വളര്‍ച്ച 36.7 ശതമാനമാണ്. ചൈനയില്‍ സുഖ്യാന്‍ 36.6 ശതമാനവുമായി മൂന്നാമത് നില്‍ക്കുമ്പോള്‍ 34.5 ശതമാനവുമായി കോഴിക്കോട് നാലാം സ്ഥാനത്ത് നില്‍ക്കുന്നു. പത്താമതുള്ള കൊല്ലത്തിന്‍റെ ജനസംഖ്യാ വളര്‍ച്ച 31.1 ശതമാനമാണ്. 

ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള നഗരത്തിന്‍റെ വളര്‍ച്ചയാണ് ഇക്കോണമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ പുറത്ത് വിട്ടിരിക്കുന്നത്. 2001ല്‍ മലപ്പുറത്തിന്‍റെ നഗര ജനസംഖ്യ മൂന്ന് ലക്ഷമായിരുന്നു. ഇത് 2011 ആയപ്പോള്‍ 16 ലക്ഷമായി ഉയര്‍ന്നുവെന്നും കേരള സര്‍വകലാശാല ജനസംഖ്യാശാസ്‌ത്രം വിഭാഗം തലവനായ മോഹചന്ദ്രന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

കേരളത്തിലെ മറ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലപ്പുറത്ത് ആകെ 12 മുന്‍സിപാലിറ്റികളുണ്ട്. പക്ഷേ, തിരുവനന്തപുരത്ത് ആകെ നാല് മുന്‍സിപാലിറ്റികള്‍ മാത്രമാമണുള്ളത്. ഏറ്റവും വളര്‍ച്ചയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മലപ്പുറം എത്തിയെന്ന് കേട്ടപ്പോള്‍ തിരുവനന്തപുരമോ കൊച്ചിയോ പോലെയുള്ള നഗരങ്ങള്‍ മലപ്പുറത്തുണ്ടെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്.

അത്തരത്തില്‍ പറയാവുന്ന മലപ്പുറത്തെ ഏക നഗരം തിരൂരാണ്. ഏറ്റവും കൂടുതല്‍ ജനനനിരക്കുള്ളത് മലപ്പുറത്താണ്. അതെല്ലാം ജനസംഖ്യ വളര്‍ച്ചയുടെ കാരണമായി ചൂണ്ടിക്കാട്ടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios