തിരുവനന്തപുരം: ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ നടപടി തള്ളി വിമത നീക്കവുമായി സികെ നാണു വിഭാഗം. മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള താൽക്കാലിക കമ്മിറ്റി അംഗീകരിക്കില്ലെന്നും നടപടി പിൻവലിക്കണമെന്നുമാണ് വിമത വിഭാഗത്തിന്റെ നിലപാട്. സികെ നാണുവും 12 സംസ്ഥാന ഭാരവാഹികളും യോഗം ചേർന്നു. അതേ സമയം എൽ ഡിഎഫിൽ തുടരാൻ തന്നെയാണ് വിമത വിഭാഗത്തിന്റെ തീരുമാനം. 

കഴിഞ്ഞ ദിവസമാണ് സികെ നാണു അധ്യക്ഷനായ ജെഡിഎസ് സംസ്ഥാന ഘടകത്തെ പിരിച്ചുവിട്ട് മാത്യ ടി തോമസ് അധ്യക്ഷനായി അഡ്ഹോക് കമ്മിറ്റിക്ക് ദേശീയ നേതൃത്വം ചുമതല നൽകിയത്. നാണുവിനെതിരെ മാത്യു ടി തോമസ് വിഭാഗം നൽകിയ പരാതിയെ തുടർന്നാണ് ദേശീയ അധ്യക്ഷൻ ദേവഗൗഡ തീരുമാനമെടുത്തത്. സംസ്ഥാന-ജില്ലാ ഭാരവാഹികളെ നിശ്ചയിക്കുന്നതിലടക്കം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന പരാതിയാണ് സികെ നാണുവിനെതിരെ മറുപക്ഷം നൽകിയത്.