അതിജീവനത്തിന്റെ പാതയിലാണ് കേരളം. ഓഖിയും മഹാ പ്രളയവും നിപ്പയും കൊറേണയുമെല്ലാം നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിച്ചവരാണ് നമ്മൾ. കാലചക്രം പിന്നോട്ട് തിരിക്കുമ്പോൾ ദുരന്തമുഖത്ത് ഒറ്റക്കെട്ടായി നിൽക്കാൻ കേരളജനത കാട്ടിയ ആർജ്ജവം മാത്യകാപരമാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പ്രളയാനന്തരമുളള കേരളത്തിന്‍റെ പുനര്‍നിര്‍മ്മതിയ്ക്ക് ജനങ്ങളിൽ നിന്ന് അഭിപ്രായം ആരായുന്നത്. ഭാവി കേരളം എങ്ങനെയാകണം? കേരളത്തിന്റെ പുനർനിർമതി എങ്ങനെ വേണം? തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾക്ക് നേരിട്ട് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ സാധിക്കുന്ന തരത്തിലുള്ള 'നമ്മൾ നമുക്കായി' വെബ്‌സൈറ്റാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. 
 


നവകേരള നിർമിതിയ്ക്ക് പൊതുജനങ്ങളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ആപ്തവാക്യം മുൻനിർത്തിയാണ് കേരള പുനർനിർമ്മാണ പദ്ധതി (ആർ.കെ.ഐ.) 'നമ്മൾ നമുക്കായി' ഒരുക്കിയിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിന് എന്തൊക്കെ മുൻകരുതലുകളാണ് കൈക്കൊള്ളേണ്ടത് എന്നുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുജനങ്ങൾക്ക് ഈ വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. രാജ്യത്തിന് അകത്തുള്ളവർക്കും പുറത്തുള്ളവർക്കും യുവജനങ്ങൾക്കും എല്ലാം അഭിപ്രായങ്ങൾ സമർപ്പിക്കാനാകും. നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ ഏകീകരിച്ച് ഏത് രീതിയിലുള്ള പുനർനിർമ്മാണം വേണമെന്നുള്ള  കാര്യത്തിലേയ്ക്ക് എത്തുവാൻ സർക്കാരിന് കഴിയും ഇതിലൂടെ കൂടുതൽ ജനകീയ പങ്കാളിത്തമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വെബ്‌സൈറ്റിലൂടെ പങ്കുവയ്ക്കുന്ന നിർദ്ദേശങ്ങൾ എല്ലാം ഭാവിയിൽ കൈക്കൊള്ളുന്ന നടപടികൾക്ക് മാർഗ്ഗനിർദ്ദേശങ്ങളാണ്. ജനങ്ങളിൽനിന്ന് ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് വിദഗ്ധസമിതി സർക്കാരിന് ശുപാർശകൾ സമർപ്പിക്കും.

മൂന്ന് ഘടകങ്ങളുളള പ്രക്രിയയാണ് 'നമ്മള്‍ നമുക്കായി'. സംസ്ഥാനത്തിന്റെ നയമാതൃകയില്‍ തന്നെ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടുളള ഈ പദ്ധതി ദുരന്തപ്രതിരോധ ക്ഷമതയുള്ള സംസ്ഥാനത്തെ നമുക്കൊരുമിച്ച് രൂപപ്പെടുത്തിയെടുക്കാൻ സാധിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ മേഖലകളുമായി ബന്ധപ്പെട്ടവരുമായുളള വിപുലമായ കൂടിയാലോചന, അന്താരാഷ്ട്ര സെമിനാര്‍, സര്‍ക്കാരിന് നയരൂപീകരണം നടത്താനുളള റിപ്പോര്‍ട്ട് എന്നിവയാണ് മൂന്ന് ഘട്ടങ്ങൾ.


പ്രളയബാധിത മേഖലകളെ അഞ്ചായി തരംതിരിച്ചാണ് ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങള്‍ തേടുന്നത്. ഈ വിഷയങ്ങളിലുളള വിവിധ ചോദ്യങ്ങളെ സംബന്ധിച്ച് ആശയങ്ങളും അഭിപ്രായങ്ങളും ജനങ്ങൾക്ക് രേഖപ്പെടുത്താനാവും. ഇതിലൂടെ ജനകീയ പങ്കാളിത്തം ഉറപ്പാക്കുവാനും കൂടുതൽ അഭിപ്രായങ്ങൾ ശേഖരിക്കുവാനും മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളുവാനും സാധിക്കും. ഭൂവിനിയോഗം, ജലവിനിയോഗം,പ്രാദേശികസമൂഹവും അതിജീവനവും, വനപരിപാലനം, ഗതാഗതം, വാര്‍ത്താവിനിമയം, സാങ്കേതികവിദ്യ എന്നീ കാര്യങ്ങളിലൂടെയാണ് പ്രളയബാധിത മേഖലകളെ അഞ്ചായി തരംതിരിച്ചിരിക്കുന്നത്. പ്രകൃതി സൗഹൃദമായ ജനകീയമായ പുനര്‍നിര്‍മാണം എന്ന ലക്ഷ്യത്തോടെയുള്ള സർക്കാരിന്റെ ഈ കർമ്മ പരിപാടിയ്ക്ക് പൊതുജനങ്ങളുടെ സമ്പൂർണ പങ്കാളിത്തമാണ് തേടുന്നത്.

ഇതിനായി ചുവടെയുള്ള 'നമ്മൾ നമുക്കായി' വെബ്‌സൈറ്റ് ലിങ്കിൽ കയറി നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. http://pcp.rebuild.kerala.gov.in/index.php/Login/index_mal, ഓർക്കുക നിങ്ങളുടെ അഭിപ്രായം നാളത്തെ നിയമമാകാം. നയരൂപീകരണത്തിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും.