കൊച്ചി: കോർ​പ്പറേഷന് കീഴിലുള്ള തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തുമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടീസ് കണക്കിലെടുത്താണ് മേയറുടെ നടപടി.

മഴ മാറി നിൽക്കാത്തതാണ് അറ്റകുറ്റപ്പണികൾ വൈകുന്നത്. ജല അതോറിറ്റി പണികൾ പൂർത്തിയാക്കി റോഡുകൾ കോർപ്പറേഷന് കൈമാറുന്നത് വൈകിപ്പിച്ചതും അറ്റകുറ്റപ്പണി വൈകാൻ ഇടയാക്കിയെന്നും മേയർ പറഞ്ഞു. കൊച്ചിയിലെ തകർന്ന പ്രധാന റോഡുകളിൽ ഭൂരിഭാഗവും പിഡെബ്യുഡിയുടെ കീഴിലുള്ളതാണ്. ഈ റോഡുകൾ നന്നാക്കാൻ സർക്കാർ, ഫണ്ട് ഉടൻ പാസാക്കാണമെന്നും മേയർ ആവശ്യപ്പെട്ടു.

അതേസമയം, മഴയത്ത് തന്നെ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന മനോഭാവം നല്ലതല്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു. മഴ മാറാതെ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താനാകില്ല. മഴ കഴിയുമ്പോൾ എല്ലാവർഷവും റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. ഇത്തവണ അറ്റകുറ്റപ്പണിക്കായി 700 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. മഴ കഴിഞ്ഞാൽ തുക വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കാത്തതിനെതിരെ സര്‍ക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം. മഴയുള്ള സമയത്ത് റോഡ് പണി ചെയ്താൽ പിന്നീട് മോശമായാൽ അത് അഴിമതിയാകും. ഗ്രാമീണ റോഡുകളുടെ കാര്യത്തിൽ ധനകാര്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഫണ്ട് കിട്ടണം. മൂവായിരം കോടി രൂപയെങ്കിലും ആവശ്യമാണ്. അത് തോമസ് ഐസക്കിന്റെ പരിഗണനയിൽ ആണെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.