Asianet News MalayalamAsianet News Malayalam

Bank Employees : ബാങ്ക് ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കണം; ചീഫ് സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മീഷൻ

ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വേളയിൽ മാനേജ്മെന്റിന്റെ താത്പര്യങ്ങൾ ബലികഴിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 

reduce bank employees work load says human rights commission
Author
Kozhikode, First Published Dec 15, 2021, 7:28 AM IST

കോഴിക്കോട് : ജോലിഭാരം കാരണം(work load) ബാങ്കിലെ വനിതാ മാനേജർക്ക് ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ ബാങ്ക് ജീവനക്കാരുടെ(bank employees)  ജോലിഭാരം ലഘൂകരിക്കാനും  മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിനുമായി ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ( Human Rights Commission of India). സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയുമായി (എസ് എൽ ബി സി) കൂടിയാലോചിച്ച് ചീഫ് സെക്രട്ടറി മൂന്ന് മാസത്തിനകം പദ്ധതിക്ക് രൂപം നൽകണമെന്ന്  കമ്മീഷൻ ഉത്തരവിട്ടു.

ബാങ്ക് ജീവനക്കാരുടെ സംഘടനകളെ കൂടി വിശ്വാസത്തിലെടുത്തു വേണം ഇത്തരം നടപടികൾ ആസൂത്രണം ചെയ്യേണ്ടതെന്നും  കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.  ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വേളയിൽ മാനേജ്മെന്റിന്റെ താത്പര്യങ്ങൾ ബലികഴിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.  സർക്കാർ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ പ്രയോജന രഹിതമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.  

മൂന്ന് മാസത്തിനകം ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണം.  കാനറാ ബാങ്ക് ജീവനക്കാരി കെ എസ് സ്വപ്നയുടെ ആത്മഹത്യക്ക് പിന്നാലെയാണ് ബാങ്ക് ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദത്തിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.  ചീഫ് സെക്രട്ടറി,  കാനറാ ബാങ്ക് എം ഡി,  സ്റ്റേറ്റ് ബാങ്ക് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി കൺവീനർ എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കെ എസ് സ്വപ്നയുടെ ആത്മഹത്യ ബാങ്കിലെ സമ്മർദ്ദങ്ങൾ കാരണമാണെന്ന ആരോപണം  എസ് എൽ ബി സി  കൺവീനറും കാനറാ ബാങ്ക് ജനറൽ മാനേജരും നിഷേധിച്ചു.  

ബാങ്ക് ജീവനക്കാരുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്ന കാര്യത്തിൽ പോലീസിന് ഇടപെടാൻ പരിമിതിയുണ്ടെന്ന് വയനാട് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.  ജോലിഭാരം ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അടുത്ത എസ് എൽ ബി സി യോഗത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് കണവീനർക്കും പ്ലാനിംഗ് ആന്റ് എക്കണോമിക്സ് അഫയേഴ്സ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ചിഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. 

ബാങ്ക് ജീവനക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.  നാമമാത്രമായ ജീവനക്കാരുമായി പ്രവർത്തിക്കുമ്പോൾ ജീവനക്കാർ അനുഭവിക്കുന്ന വിഷമതകൾ ആർക്കും മനസിലാക്കാൻ കഴിയുന്നതാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എളമരം കരീം എം പി, അഡ്വ. ടി.ജെ. ആന്റണി, ഇളങ്കോ യാദവ്,എസ് എൻ അനിൽ എന്നിവരാണ് പരാതി നൽകിയത്.
 

Follow Us:
Download App:
  • android
  • ios