റജിസ്ട്രാർ അനിൽകുമാറിൻ്റെ ഔദ്യോഗിക വാഹനം പിടിച്ചെടുക്കാനുള്ള വിസി മോഹൻ കുന്നുമ്മലിൻ്റെ ഉത്തരവ് നടപ്പായില്
തിരുവനന്തപുരം: കേരള സർവകലാശാല റജിസ്ട്രാർ അനിൽകുമാറിന് അനുവദിച്ച ഔദ്യോഗിക വാഹനം പിടിച്ചെടുക്കാനുള്ള വിസിയുടെ ഉത്തരവ് നടപ്പായില്ല. റജിസ്ട്രാർ അനിൽകുമാർ ഇന്ന് തനിക്ക് സർവകലാശാല അനുവദിച്ച ഔദ്യോഗിക വാഹനത്തിൽ ജോലിക്കെത്തി. സെക്യൂരിറ്റി ഓഫീസറോട് കാർ ഗ്യാരേജിൽ സൂക്ഷിക്കാനും വാഹനത്തിൻ്റെ താക്കോൽ മിനി കാപ്പന് നൽകാനുമായിരുന്നു ഉത്തരവ്.
എന്നാൽ തനിക്ക് സ്വന്തം വാഹനമില്ലെന്ന് പറഞ്ഞ റജിസ്ട്രാർ സർവകലാശാല നൽകുന്ന വാഹനത്തിലേ ജോലിക്കെത്താനാവൂ എന്ന് വ്യക്തമാക്കി. കെ എസ് അനിൽകുമാറിൻ്റെ ഡ്രൈവറിൽ നിന്ന് കാറിൻ്റെ താക്കോൽ വാങ്ങാനാണ് സെക്യൂരിറ്റി സൂപ്രണ്ടിനോട് വിസി ആവശ്യപ്പെട്ടത്. എന്നാൽ ഇത് നടപ്പാകാതെ വന്നതോടെ സെക്യൂരിറ്റി സൂപ്രണ്ടിനെതിരെ നടപടിയെടുത്തേക്കും.
സർവകലാശാലയിൽ വിസി - റജിസ്ട്രാർ പോര് തുടങ്ങിയ ശേഷം ഒടുവിൽ വന്ന ഉത്തരവാണ് കാർ പിടിച്ചെടുക്കൽ. റജിസ്ട്രാർ സ്ഥാനത്ത് നിന്ന് അനിൽ കുമാറിനെ സസ്പെൻഡ് ചെയ്താണ് ആദ്യം വിസി പോര് തുടങ്ങിയത്. എന്നാൽ തീരുമാനം സർവകലാശാല സിൻഡിക്കേറ്റ് റദ്ദാക്കി. അനിൽകുമാർ ഓഫീസിൽ എത്തരുതെന്നായിരുന്നു വിസിയുടെ രണ്ടാമത്തെ ഉത്തരവ്. ഇത് വെല്ലുവിളിച്ച് അനിൽകുമാർ ഓഫീസിൽ എത്തി. പിന്നീട് റജിസ്ട്രാർ നോക്കേണ്ട ഫയലുകൾ അനിൽകുമാർ കൈകാര്യം ചെയ്യരുതെന്ന് വിസി ഉത്തരവിട്ടു. പക്ഷെ ഫയലുകൾ ഒപ്പിട്ട് അനിൽകുമാർ പദവിയിൽ തുടർന്നു. ഈ നിരയിൽ ഒടുവിലത്തെ നടപടിയായ കാർ പിടിച്ചെടുക്കലും നടപ്പാകാതെ വന്നതോടെ വിസിയുടെ ഉത്തരവുകൾക്ക് സർവകലാശാലയിൽ വിലയില്ലാതായോ എന്ന ചോദ്യം ബലപ്പെടുകയാണ്. സർവകലാശാലയിലെ എല്ലാ സാധന സാമഗ്രികളുടെയും അധികാരി സിൻ്റിക്കേറ്റാണെന്നും കാർ പിടിച്ചെടുക്കാൻ വിസിക്ക് അധികാരമില്ലെന്നും സിൻഡിക്കേറ്റ് നിലപാടെടുത്തിരുന്നു.

