Asianet News MalayalamAsianet News Malayalam

നിര്‍ധന രോഗികള്‍ക്ക് ആശ്വാസം: കാരുണ്യ പദ്ധതിയുടെ സമയപരിധി നീട്ടി

കേന്ദ്ര - സംസ്ഥാനപദ്ധതികൾ ചേർത്തുള്ള 'ആയുഷ്മാൻ ഭാരത് - കാരുണ്യ'യിൽ കിടത്തിച്ചികിത്സയുള്ളവർക്ക് മാത്രമേ ഇൻഷൂറൻസ് പരിരക്ഷയുണ്ടായിരുന്നുള്ളൂ. ഇത് ഡയാലിസിസ് ചെയ്യുന്നവർക്കും കീമോ തെറാപ്പി ചെയ്യുന്നവർക്കും വലിയ തിരിച്ചടിയായിരുന്നു

Registration of karunya project extended till march 31
Author
Thiruvananthapuram, First Published Jul 8, 2019, 6:28 PM IST

തിരുവനന്തപുരം: കാരുണ്യ ചികിത്സാ സഹായ പദ്ധതിയുടെ രജിസ്ട്രേഷന്‍ അവസാനിപ്പിച്ച നടപടി പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍. ജൂണ്‍ മുപ്പത് വരെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം കാരുണ്യ പദ്ധതിയിലൂടെ ചികിത്സാ സഹായം നല്‍കാനുള്ള  മുന്‍തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.

കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി തുടരാന്‍  ധനവകുപ്പുമായി ധാരണയായെന്നും കാരുണ്യ പദ്ധതിയില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ  ചേരാമെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും. ഉത്തരവിറങ്ങും വരെ ചികിത്സ തേടി എത്തുന്നവരെ തിരിച്ചയക്കരുതെന്ന് ആശുപത്രികൾക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാരുണ്യ പദ്ധതി തുലാസിലായതോടെ രോഗികളുടെ ചികിത്സ മുടങ്ങിയ സംഭവം ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വാര്‍ത്തയാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആയുഷ് മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയും കേരള സര്‍ക്കാരിന്‍റെ ആരോഗ്യപദ്ധതിയും ചേര്‍ത്ത് ''ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷാ'' ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് നിലവിലുള്ളത്.

കിടത്തി ചികിത്സയിലുള്ള രോഗികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാസഹായം കിട്ടുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. പുതിയ ചികിത്സാ പദ്ധതി വന്നതോടെയാണ് കാരുണ്യ ചികിത്സ സഹായ പദ്ധതിയുടെ രജിസ്ട്രേഷൻ ജൂണ്‍ മുപ്പതിന് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. എന്നാല്‍ വലിയ പ്രശ്നങ്ങളാണ് ഇതുമൂലം രോഗികള്‍ നേരിട്ടത്.  

ആശുപത്രിയില്‍ അഡ്മിറ്റ് ആവാതെ ഡയാലിസസും കീമോതെറാപ്പിയും ചെയ്യുന്നവര്‍ക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ഇത്  വലിയ പ്രതിഷേധം സൃഷ്ടിച്ചു. ആര്‍സിസിയും ശ്രീചിത്രയും അടക്കമുള്ള ആശുപത്രികള്‍ വരെ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന അവസ്ഥയുണ്ടായി.

ആഴ്ചയില്‍ മൂന്നും നാലും തവണ ഡയാലിസസ് ചെയ്യുന്ന രോഗികളും ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി  കീമോതെറാപ്പിയും റേഡിയേഷനും ചെയ്യുന്ന രോഗികളും അവയവ മാറ്റമടക്കമുള്ള ശസ്ത്രക്രിയകളുടെ ഭാഗമായി വില കൂടിയ മരുന്നുകള്‍ കഴിക്കുന്ന രോഗികളും പുതിയ ചികിത്സാ പദ്ധതിയില്‍ നിന്നും പുറത്തായി. നിര്‍ധന രോഗികളുടെ ചികിത്സ മുടങ്ങുന്ന അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയതോടെ സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios