Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന, പതിവ് മുഖങ്ങളെ ഒഴിവാക്കാനും സിപിഎമ്മിൽ ധാരണ

പി.ജയരാജൻ, പി.രാജീവ്, കെ.എൻ ബാലഗോപാൽ അടക്കം പ്രമുഖരുടെ സ്ഥാനാർത്ഥിത്വത്തിൽ തുടർ തീരുമാനങ്ങൾ നിർണ്ണായകമാകും.

regular faces in cpim may denied seats in assembly election
Author
Thiruvananthapuram, First Published Feb 4, 2021, 2:02 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും പരിഗണന നൽകാനും പതിവ് മുഖങ്ങളെ ഒഴിവാക്കാനും സിപിഎമ്മിൽ ധാരണ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെയും 2016 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടവരെയും മാറ്റിനിർത്താനാണ് സിപിഎം ആലോചിക്കുന്നത്. അതേസമയം പി.ജയരാജൻ, പി.രാജീവ്, കെ.എൻ ബാലഗോപാൽ അടക്കം പ്രമുഖരുടെ സ്ഥാനാർത്ഥിത്വത്തിൽ തുടർ തീരുമാനങ്ങൾ നിർണ്ണായകമാകും.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനമായില്ലെങ്കിലും ഇക്കാര്യത്തിലൊരു പൊതു നയത്തിലേക്ക് എത്തുകയാണ് സിപിഎം. ലോകസഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിവാദത്തിൽ ഒന്നിച്ച് കടപുഴകിയ വമ്പൻമാർക്ക് നിയമസഭയിൽ അവസരം നൽകണമോ എന്നതാണ് പ്രധാന ചർച്ച. ആദ്യഘട്ട ചർച്ചകൾ പ്രകാരം സ്ഥിരം മുഖങ്ങളെന്ന വിമർശനം ഒഴിവാക്കാൻ ലോകസഭയിൽ മത്സരിച്ച പലർക്കും വഴിയടയും .പി ജയരാജൻ സ്ഥാനാർത്ഥിയാകണമെന്ന ചർച്ചകൾ കണ്ണൂരിൽ ഉയരുമ്പോഴാണ് പുതിയ നീക്കങ്ങളെന്നതും ശ്രദ്ധേയം. 

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എൻ.ബാലഗോപാൽ,പി.രാജീവ് എന്നിവർ മത്സരിക്കുന്നതിൽ എൽഡിഎഫ് ജാഥക്ക് മുമ്പ് തന്നെ തീരുമാനമാകും. മന്ത്രിമാരിൽ തോമസ് ഐസക്ക്, കെ.കെ.ശൈലജ, എംഎം മണി എന്നിവർ മത്സരരംഗത്തുണ്ടാകുമെന്നാണ് നിലവിലെ ധാരണകൾ. ഇ.പി.ജയരാജൻ, ജി.സുധാകൻ, എ.കെ.ബാലൻ, മേഴ്സികുട്ടിയമ്മ, പി.ശ്രീരാമകൃഷ്മൻ എന്നിവർ മത്സരിക്കുമോ എന്നതിൽ തീരുമാനം നീളും. നിലവിലെ മന്ത്രിമാരിൽ മത്സരിക്കാനില്ലെന്ന വ്യക്തമാക്കിയത് സിഎൻ രവീന്ദ്രനാഥ് മാത്രമാണ്. എന്നാൽ സിറ്റിംഗ് സീറ്റായ തൃശ്ശൂർ പുതുക്കാട് നിന്നും വീണ്ടും ജനവിധി തേടാൻ രവീന്ദ്രനാഥിന് മേൽ പാർട്ടിയുടെ സമ്മർദ്ദമുണ്ട്.

ഇത്തവണ ജില്ലാകമ്മിറ്റികൾ നൽകുന്ന സാധ്യത സ്ഥാനാർത്ഥി പട്ടികയിൽ പ്രൊഫഷണലുകളെ ഉൾപ്പെടുത്തണമെന്നാണ് സംസ്ഥാന സമിതിയിലെ തീരുമാനം. ഡോ.കെഎസ് മനോജ്,അൽഫോണ്‍സ് കണ്ണന്താനം തുടങ്ങി പരാജയപ്പെട്ട പരീക്ഷണങ്ങൾ മുന്നിൽ നിൽക്കുന്നതിനാൽ പാർട്ടിയുമായി ഉറച്ച ബന്ധമുള്ള പ്രൊഫഷണലുകളെ മാത്രം കണ്ടെത്താനാണ് നിർദ്ദേശം. ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിജയിച്ച യുവപരീക്ഷണം നിയമസഭയിലും തുടരും. പത്ത് ശതമാനത്തിലേറെ സീറ്റുകളിൽ നാൽപത് വയസിന് താഴെയുള്ളവർക്ക് പരിഗണന ലഭിക്കും


വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പായ ഈ സർക്കാരിലെ പ്രമുഖർ -

  • പിണറായി വിജയൻ
  • കെ.കെ.ശൈലജ
  • എംഎം മണി
  • തോമസ് ഐസക്ക്

 
വീണ്ടും മത്സരിപ്പിക്കുന്നതിൽ ചർച്ചകൾ തുടരുന്ന പ്രമുഖർ

  • ഇ.പി.ജയരാജൻ
  • എ.കെ.ബാലൻ
  • ജി.സുധാകരൻ
  • മേഴ്സിക്കുട്ടിയമ്മ
  • പി.ശ്രീരാമകൃഷ്ണൻ

നേരത്തെ ലോക്സഭയിലേക്ക് മത്സരിച്ചു തോൽക്കുകയും ഇപ്പോൾ പരിഗണിക്കപ്പെടുകയും ചെയ്യുന്നവർ  (ആരുടെ കാര്യത്തിലും ഇതുവരെ തീരുമാനമായില്ല)

  • പി.രാജീവ്
  • പി.ജയരാജൻ
  • കെ.എൻ.ബാലഗോപാൽ
  • വി.എൻ.വാസവൻ
  • എ.സമ്പത്ത്
  • എം.ബി.രാജെഷ്
  • പി.കെ.ബിജു

തെരഞ്ഞെടുപ്പിൽ നിന്നും സ്വയം മാറി നിൽക്കാൻ തീരുമാനിച്ചത്

  • സിഎൻ രവീന്ദ്രനാഥ്
Follow Us:
Download App:
  • android
  • ios