തിരുവനന്തപുരം: അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രവീണിന്റേയും രഞ്ജിത്തിന്റേയും ബന്ധുക്കൾ. നേപ്പാൾ യാത്രയുടെ വിവരം അധികമാരേയും ഇവർ അറിയിച്ചിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഗൾഫിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന പ്രവീൺ ചേങ്കോട്ടുകോണത്തെ വീട്ടിൽ എത്തിയിരുന്നത് വല്ലപ്പോഴും മാത്രമായിരുന്നു. എറണാകുളത്ത് ഫാർമസി കോഴ്സ് ചെയ്തിരുന്ന ഭാര്യ ശരണ്യക്കൊപ്പമായിരുന്നു കുട്ടികൾ. എറണാകുളത്ത് നിന്നായിരുന്നു ഇവരുടെ യാത്ര തിരിച്ചത്. രാവിലെ 10 മണിയോടെ ബന്ധുക്കൾ വിവരമറിഞ്ഞു. എന്നാൽ, അച്ഛനമ്മമാരെ അറിയിച്ചത് മണിക്കൂറുകൾക്ക് ശേഷമാണ്. പ്രവീണിന്റെ ഒരു കുട്ടി രക്ഷപ്പെട്ടുവെന്നായിരുന്നു ആദ്യ വിവരം. എന്നാൽ, എല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന് പിന്നീട് സ്ഥിരീകരിച്ചു. 

കൊച്ചിയിലും തിരുവനന്തപുരത്തും ഇൻഫോപാർക്കിലും ഇൻഫോസിസിലും ആയി ജോലി ചെയ്തിരുന്ന രഞ്ജിത് കോഴിക്കോട് സ്വന്തമായി ഐ ടി കമ്പനി നടത്തുകയായിരുന്നു. ഭാര്യ ഇന്ദു ലക്ഷ്മി സഹകരണ ബാങ്കിൽ ജീവനക്കാരി. സുഹൃത്തുക്കളുടെ ഒത്തുചേരലിനായി ദില്ലിക്ക് പോകുന്നു എന്ന് മാത്രമേ ഇവർ എല്ലാവരെയും അറിയിച്ചിരുന്നുളളൂ. വെള്ളിയാഴ്ച ദില്ലിക്കുപോയ കുടുംബം അവിടെ നിന്നുമാണ് നേപ്പാളിലേക്ക് പോയത്.

പ്രവീൺ കുമാർ നായർ(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാർ(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒൻപത്), അഭിനബ് സൊരയ (ഒൻപത്), അബി നായർ(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് നേപ്പാളിലെ സ്വകാര്യ റിസോർട്ടിൽ മരിച്ചത്. ദമാനിൽ ഇവർ താമസിച്ചിരുന്ന എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുറിക്കകത്തെ ഗ്യാസ് ഹീറ്റർ ലീക്കാവാം മരണകാരണമെന്നാണ് സംശയം.

Also Read: നേപ്പാളിൽ നാല് കുട്ടികളടക്കം എട്ട് മലയാളികളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി