തൃശ്ശൂര്‍: കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ റീ പോസ്റ്റുമോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ന് പാലക്കാട് ജില്ല കോടതിയെ സമീപിക്കും. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പൊലീസ് പോസ്റ്റുമോർട്ടം നടത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇൻക്വസ്റ്റ് നടപടികളിലും ബന്ധുക്കൾക്ക് അതൃപ്തിയുണ്ട്. മൃതദേഹങ്ങൾ കാണൻ അനുവദിക്കണമെന്നാവശ്യപ്പെട്ടിള്ള അപേക്ഷ തൃശൂർ റേഞ്ച് ഡിഐജിക്ക് നല്‍കും. 

അതേ സമയം മണിവാസകത്തിന്‍റെ മൃതദേഹം കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ കല മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിൽ നൽകിയ ഹര്‍ജി ഇന്ന് പരിഗണിക്കും. താൻ മറ്റൊരു കേസിൽ ജയിലിലാണെന്നും മൃതദേഹം കാണുന്നത് വരെ മറ്റ് നടപടി പാടില്ലെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 4 മൃതദേഹങ്ങളും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേ സമയം കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെയും മരണം അകലെ നിന്നുള്ള വെടിയേറ്റാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. അവസാനം പോസ്റ്റ്‌മോർട്ടം നടത്തിയ മാവോയിസ്റ്റ് മണിവാസകന്റെ ശരീരത്തിൽ നിന്ന് മൂന്ന് വെടിയുണ്ടകൾ കണ്ടെത്തി. 

മണിവാസകന്റെ ശിരസിലാണ് ഒരു വെടിയുണ്ട ഉണ്ടായിരുന്നത്. മറ്റ് രണ്ടെണ്ണം ശരീര ഭാഗങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.  നാല് പേർക്ക് നേരേയും  വെടിയുതിർത്തത്  നിശ്ചിത ദൂരപരിധി ക്ക് പുറത്തു നിന്നാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരിക്കുന്നത്.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ട്, ബന്ധുക്കൾ ആദ്യം ജില്ലാ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചിരുന്നു. അദ്ദേഹം ഇതനുവദിച്ചു. ഇത് പ്രകാരം തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെത്തിയ ബന്ധുക്കൾക്ക് മൃതദേഹം കാണാൻ സാധിച്ചില്ല. പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചുവെന്നാണ് ഇവർക്ക് ലഭിച്ച മറുപടി.

ഇതോടെയാണ് ഈ പോസ്റ്റ്മോർട്ടത്തിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ബന്ധുക്കൾ ജില്ലാ കളക്ടറെ സമീപിച്ചത്. പൊലീസ് പറയുന്ന ഏറ്റുമുട്ടൽ കൊലയെന്ന വാദത്തിൽ വിശ്വാസമില്ലെന്ന് ഇവർ പരാതിയിൽ പറയുന്നു. സംഭവത്തിലെ തെളിവ് ശേഖരണം മുഖ്യമായും പോസ്റ്റ്മോർട്ടത്തിൽ നിന്നാണെന്നിരിക്കെ തങ്ങൾ കാണുന്നതിന് മുൻപ് മൃതദേഹത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചതിൽ സംശയമുണ്ടെന്നും ഇവർ പറഞ്ഞു.