പത്തനംതിട്ട: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദേശീയലോക്ക് ഡൗണിന്റെ ആദ്യഘട്ടം ഏപ്രിൽ 20-ന് അവസാനിക്കാനിരിക്കെ ഇടുക്കിയിലും പത്തനംതിട്ടയിലും ഇളവുകൾ പ്രഖ്യാപിച്ചു. ഇടുക്കിയിൽ ഏപ്രിൽ 21 ചൊവ്വാഴ്ച മുതലും പത്തനംതിട്ടയിൽ ഏപ്രിൽ 25 ശനിയാഴ്ച മുതലുമാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക. 

21 മുതൽ ഇടുക്കിയിൽ നൽകുന്ന ഇളവുകൾ

രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ സർക്കാർ നിർദേശിച്ചുള്ള എല്ലാ കടകൾക്കും തുറക്കാം. ഹോട്ടലുകൾക്കും തുറന്ന് പ്രവ‍ർത്തിക്കാം എന്നാൽ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നവർ സാമൂഹിക അകലം പാലിക്കണം. ഹോട്ടൽ ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും. 

കൊവിഡ് പ്രതിരോധത്തിൻ്റെ ഭാ​ഗമായി ജില്ലയിൽ ഒരു മാസത്തേക്ക് മാസ്ക് ധരിക്കേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. പുറത്തിറങ്ങുന്ന എല്ലാവരും മാസ്ക് ധരിക്കണം. ഇടുക്കിയിലെ തോട്ടങ്ങൾക്കും തുറന്നു പ്രവ‍ർത്തിക്കാൻ അനുമതിയുണ്ട്. അതിഥി തൊഴിലാളികളെ തത്കാലം ജോലിക്ക് വയ്ക്കാൻ പാടില്ല. 

ജില്ലയ്ക്കുള്ളിൽ ബസ് സർവീസുകൾ നടത്താം. ഓട്ടോ-ടാക്സികൾ എന്നിവ സർക്കാർ നിർദേശം അനുസരിച്ച് വേണം സർവീസ് നടത്താൻ. ജ്വല്ലറികളും, തുണിക്കടകളും അടക്കമുള്ളവ തുറക്കാം. അതേസമയം മൂന്നാറിൽ നാല് ദിവസം മാത്രമേ കടകൾ തുറക്കൂ. തിങ്കൾ, ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിലാണ് കട തുറക്കേണ്ടത്. 

പത്തനംതിട്ടയിൽ 25 മുതൽ ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഭാഗിക ഇളവ് ഉണ്ടാകുമെന്ന് മന്ത്രി കെ.രാജു അറിയിച്ചു. ഇളവുകൾ സംബന്ധിച്ച് ജില്ലാ ഭരണകൂടം മാർഗ്ഗരേഖ തയ്യാറാക്കും. കാർഷിക മേഖലകൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

തൊഴിലുറപ്പ് പദ്ധതികൾ നടത്താവുന്നതാണ്. നടന്നു വന്നിരുന്ന നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാം. പ്രവാസികൾ എത്തിയാൽ താമസിപ്പിക്കാൻ സൗകര്യം ഒരുക്കിയതായും എണ്ണായിരത്തോളം പേർക്കുള്ള താമസ സൗകര്യം ഇതിനകം സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജില്ലയിൽ നിന്നാരെങ്കിലും തിരുവനന്തപുരം ആ‍ർസിസിയിൽ ചികിത്സക്ക് പോകുന്നുവെങ്കിൽ അതിന് അനുമതി നൽകുമെന്നും മന്ത്രി അറിയിച്ചു.