ബെംഗളൂരു: രാജ്യത്ത് കാർഷിക നിയമ ഭേദഗതി നടപ്പായതോടെ റിലയന്‍സ് കർഷകരില്‍നിന്ന് നേരിട്ട് വിളകൾ സംഭരിക്കാന്‍ കരാറിലേർപ്പെട്ടു തുടങ്ങി. കർണാടക റായ്ചൂർ ജില്ലയിലെ കർഷകരില്‍നിന്നും താങ്ങുവിലയേക്കാൾ കൂടുതല്‍ പണം നല്‍കി നെല്ല് സംഭരിക്കാനാണ് റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ് കരാറൊപ്പിട്ടത്. കോർപ്പറേറ്റ് കമ്പനികളും കർഷകരുമായി വിളകൾ സംഭരിക്കുന്നതിനായി നേരിട്ട് ഏർപ്പെടുന്ന രാജ്യത്തെ ആദ്യത്തെ കരാറാണിത്. 
 
അഗ്രികൾച്ചറല്‍ പ്രൊഡ്യൂസേഴ്സ് മാർക്കറ്റ് കമ്മറ്റി അഥവാ എപിഎംസികളിലൂടെ മാത്രമേ കർഷകർക്ക് വിളകൾ വിപണിയിലെത്തിക്കാവൂ എന്ന നിബന്ധന ഒഴിവാക്കി കൊണ്ട് കഴിഞ്ഞമാസമാണ് കർണാടകത്തില്‍ സർക്കാർ നിയമ ഭേദഗതി കൊണ്ടുവന്നത്. ഇതോടെ കർഷകർക്ക് വിളകൾ സ്വകാര്യ കമ്പനികൾക്ക് നേരിട്ട് വില്‍ക്കാം എന്നായി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റായ്ചൂർ ജില്ലയിലെ സിന്ധൂർ താലൂക്കിലെ നെല്‍കർഷകരുടെ കൂട്ടായ്മയായ സ്വസ്ഥ്യ ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനിയുമായി റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ് കഴിഞ്ഞ ദിവസം കരാറിലേർപ്പെട്ടത്. 

1100ഓളം കർഷകർ സംഘത്തിലുണ്ട്. ക്വിന്‍റലിന് 1868 രൂപയായരുന്നു സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയെങ്കില്‍, 82 രൂപ അധികം നല്‍കി 1000 ക്വിന്‍റല്‍ നെല്ല് സംഭരിക്കുമെന്നാണ് കരാർ. വെയർ ഹൗസില്‍ സൂക്ഷിച്ച അരി വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ച ശേഷം കർശന വ്യവസ്ഥകളോടെയാണ് റിലയന്‍സ് കരാറിലേർപ്പെട്ടതെന്ന് സ്വസ്ഥ്യ ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനി അധികൃതർ പറഞ്ഞു.

നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇപ്പോഴും പ്രക്ഷോഭം തുടരുകയാണ് കർഷക സംഘനടകൾ. ആദ്യം ഉയർന്ന വില നല്‍കി കോർപ്പറേറ്റ് കമ്പനികൾ വിളകൾ ശേഖരിക്കുമെങ്കിലും പിന്നീട് കർഷകരെ ചതിക്കുമെന്ന് സമരം നടത്തുന്ന സംയുക്ത കർഷക സംഘടനയായ കർണാടക രാജ്യ റെയ്ത്ത സംഘ കരാറിനെ വിമർശിച്ചു.