അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ
തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ടിന്റെ പൂർണരൂപം ഏഷ്യാനെറ്റ് ന്യൂസിന്. അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. സ്വര്‍ണക്കടത്ത് കേസിൽ ക്രമക്കേട് നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഒരു നടപടിയിലും അജിത് കുമാര്‍ ഇടപെട്ടിട്ടില്ലെന്നുമാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരിക്കുന്നത്.
എഡിജിപി അജിത്കുമാറിന് എതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ വിജിലൻസിന്റെ തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റ് നടത്തിയ അന്വേഷണ റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. എംആർ അജിത്കുമാറിനെ വെള്ള പൂശിക്കൊണ്ടുള്ള ഈ റിപ്പോർട്ട് കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. കൃത്യമായ രീതിയിൽ നടപടിക്രമങ്ങളോ ചട്ടങ്ങളോ പാലിക്കാതെയാണ് വിജിലൻസ് അന്വേഷണം നടത്തിയതെന്ന് കാട്ടിയാണ് കോടതി റിപ്പോർട്ട് തള്ളിയത്. അജിത്കുമാറിനെതിരെ പിവി അൻവർ എംഎൽഎ ഉൾപ്പടെ ഉന്നയിച്ച ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. മലപ്പുറത്തെ എസ്പി ഓഫീസിൽ നിന്ന് തേക്ക് മരം കടത്തിക്കൊണ്ടുപോയെന്ന ആരോപണം, മറുനാടൻ മലയാളി ചാനൽ ഉടമയായ ഷാജൻ സ്കറിയയുമായുള്ള പണമിടപാട് സംബന്ധിച്ച ആരോപണം, കവടിയാറിൽ ആഡംബര വീട് നിർമിക്കുന്നെന്ന ആരോപണം, സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങളാണ് വിജിലൻസ് അന്വേഷിച്ചത്.
എഡിജിപി അജിത്കുമാറിന് അനുകൂലമായ കണ്ടെത്തലുകളാണ് വിജിലൻസ് നടത്തിയത്. ആരോപണങ്ങളിൽ ഒരു തെളിവും ഇല്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഓരോ റിപ്പോർട്ടിലും മൊഴികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഈ കണ്ടെത്തലുകളിലേക്ക് എത്തിയത്. ഷാജൻ സ്കറിയയ്ക്കെതിരെയുള്ള ഐടി ആക്ട് കേസിൽ രണ്ട് കോടി രൂപ ഇയാൾ വാങ്ങിയെന്നായിരുന്നു പിവി അൻവർ ആരോപണം ഉന്നയിച്ചിരുന്നത്. പരാതിയിൽ പറയുന്ന മുജീബ് എന്നയാൾ ഷാജൻ സ്കറിയയുമായോ അജിത്കുമാറുമായോ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും ഏതെങ്കിൽ തരത്തിലുള്ള പണമിടപാടുകൾ നടന്നിട്ടില്ലെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. ഒരു ഇന്റർനെറ്റ് കോൾ വഴിയാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്ന് പിവി അൻവർ പറഞ്ഞിരുന്നു. എന്നാൽ, ഈ കേസ് ഷാജൻ സ്കറിയക്കെതിരെ എടുത്ത ശേഷം ആറ് മാസത്തെ കാലയളവിൽ അങ്ങനെയൊരു കാൾ വന്നതിന്റെ തെളിവുകൾ ഇല്ലെന്നു കാട്ടിയാണ് വിജിലൻസ് ഈ ആരോപണം തള്ളിയത്.
സ്വര്‍ണക്കടത്ത് കേസിൽ ക്രമക്കേട് നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഒരു നടപടിയിലും അജിത് കുമാര്‍ ഇടപെട്ടിട്ടില്ലെന്നുമാണ് അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നത്. സ്വര്‍ണക്കടത്ത് കേസുകളിൽ അജിത് കുമാര്‍ ഇടപെട്ടില്ലെന്ന് പൊലീസുകാർ മൊഴി നൽകിയിട്ടുമുണ്ട്. നിയമവിരുദ്ധമായി ഇടപെടലുകള്‍ അജിത് നടത്തിയിട്ടില്ലെന്ന് എസ്പി സുജിത് ദാസ് ആണ് മൊഴി നൽകിയത്. കവടിയാറിലെ വീട് നിര്‍മാണം നിയമപരമായാണെന്നും കൃത്യമായ ബാങ്ക് രേഖയുണ്ടെന്നും വിജിലന്‍സ് റിപ്പോർട്ടിൽ പറയുന്നു. ഫ്ലാറ്റ് വിൽപനയിലും സാമ്പത്തിക ക്രമക്കേടില്ല.
ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവറിന് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. പക്ഷേ അജിത് കുമാറിന്‍റെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ ഉണ്ട്. അതുകൊണ്ടുതന്നെ അജിത് കുമാറിനെതിരെ കേസെടുക്കേണ്ടെന്നാണ് വിജിലന്‍സിന്റെ റിപ്പോർട്ട്.
