കൊച്ചി: ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന് ആരോപണം. പുളിഞ്ചുവട് ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയൻ ആണ് അരമണിക്കൂറോളം ചികിത്സ വൈകിയതിനെ തുടർന്ന് ആംബുലൻസിൽ കിടന്ന് മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ളതിനാൽ അത്യാഹിത വിഭാഗത്തിൽ വെച്ച് പരിശോധിക്കാൻ കഴിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.

ശ്വാസംമുട്ടലും ചുമയും ഉണ്ടായിരുന്ന വിജയനെ ഫ്ലാറ്റ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് സ്വകാര്യ ആംബുലൻസിൽ ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. രാവിലെ 9:15ന് രോഗിയുമായി ആംബുലൻസ് ആശുപത്രിയിൽ എത്തി. അരമണിക്കൂർ സമയം ഡോക്ടർമാർ ആരും പരിശോധിക്കാനായി എത്തിയില്ല. പത്ത് മണിയോടെ വിജയൻ ആംബുലൻസിൽ കിടന്ന് മരിച്ചു.

ആദ്യം അത്യാഹിത വിഭാഗത്തിൽ എത്തിച്ച രോഗിയെ കൊവിഡ് രോഗലക്ഷണങ്ങൾ പറഞ്ഞതിനെ തുടർന്ന് പനി പരിശോധന വിഭാഗത്തിലേക്ക് പറഞ്ഞ് വിട്ടു. അവിടെ എത്തിയപ്പോൾ വൈദ്യുതി ഇല്ല. തുടർന്നാണ് കൊവി‍ഡ് ഐസൊലേഷൻ വിഭാഗത്തിലേക്ക് രോഗിയുമായി ആംബുലൻസ് എത്തിയത്. എന്നാൽ ഇവിടേക്ക് ആരോഗ്യപ്രവർത്തകർ പിപിഇ കിറ്റ് ധരിച്ചെത്തിയപ്പോഴേക്കും വിജയൻ മരിച്ചു. ഇദ്ദേഹത്തിന്‍റെ സ്രവം കൊവിഡ് പരിശോധനക്ക് അയച്ചു.

റെഡ് സോണിൽ നിന്നും കൊവിഡ് രോഗലക്ഷണങ്ങളുമായി വരുന്ന രോഗികളെ അത്യാഹിത വിഭാഗത്തിൽ പരിശോധിച്ചാൽ രോഗപകർച്ചക്ക് വഴിവയ്ക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നേരിട്ട് കൊവിഡ് ഐസൊലേഷൻ വിഭാഗത്തിലേക്കാണ് ഈ രോഗികൾ പോകേണ്ടതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശമുണ്ടെന്നും ജില്ല ആശുപത്രി സൂപ്രണ്ട് വിശദീകരിക്കുന്നു. ഏതാനും വർഷങ്ങളായി ആലുവയിലെ ഫ്ലാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനാണ് വിജയൻ.