ഇരുവരും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യം സാമൂഹ്യനീതി വകുപ്പ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
തൃശൂർ: സർക്കാർ വൃദ്ധസദനത്തിൽ നിന്നും പുതിയ ജീവിതത്തിലേക്ക് വിജയരാഘവനും സുലോചനയും. തൃശ്ശൂർ രാമവർമ്മപുരം വൃദ്ധസദനത്തിൽ നിന്ന് വിജയരാഘവനും സുലോചനയും ഒരുമിച്ചുള്ള പുതിയ യാത്ര ആരംഭിക്കുകയാണ്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് 79 വയസുള്ള വിജയരാഘവന്‍റെയും 75 വയസ്സുള്ള സുലോചനയുടെയും വിവാഹം നടന്നത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, മേയർ എം കെ വർഗീസ് എന്നിവർ വിവാഹത്തിന് സാക്ഷ്യം വഹിച്ചു.
പേരാമംഗലം സ്വദേശിയായ വിജയരാഘവൻ 2019 ലും ഇരിങ്ങാലക്കുട സ്വദേശിയായ സുലോചന 2024 ലുമാണ് തൃശൂർ ഗവൺമെന്‍റ് വൃദ്ധസദനത്തിൽ എത്തിയത്. ഇരുവരും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യം സാമൂഹ്യനീതി വകുപ്പ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തിൽ ഇരുവരുടെയും വിവാഹം നടത്താൻ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഒരുക്കങ്ങൾ നടത്തുകയായിരുന്നു. ജീവിതത്തില്‍ സന്തോഷവും സ്നേഹവും പങ്കുവെച്ചുകൊണ്ട് ഹൃദ്യമായ ഒരു ദാമ്പത്യം ഉണ്ടാകട്ടെ എന്ന് ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ട് മന്ത്രി ഡോ. ആർ ബിന്ദു പുതുദമ്പതികൾക്ക് മധുരം നൽകി. മേയർ എം വർഗീസ്സും ദമ്പതികൾക്ക് ആശംസകൾ നേർന്നു.
