വൈകീട്ട് ആറ് മണിക്ക് മുമ്പ് ഹോസ്റ്റലിൽ എത്തണം, രാത്രിയിൽ പുറത്തിറങ്ങരുത്, സിനിമയ്ക്ക് പോകരുത് തുടങ്ങിയ മാനേജ്മെന്‍റ് നിയന്ത്രണങ്ങളെയാണ് പെൺകുട്ടികൾ ചോദ്യം ചെയ്തത്.
തൃശ്ശൂർ: തൃശ്ശൂർ കേരള വർമ്മ കോളേജ് ഹോസ്റ്റലിലെ സമയ നിയന്ത്രണത്തിനെതിരെ വീണ്ടും പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ രംഗത്ത്. ഹോസ്റ്റലിൽ രാഷ്ട്രീയ പ്രവർത്തനം നടത്താനും സമയ നിയന്ത്രണം നീക്കാനുമുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.
വൈകീട്ട് ആറ് മണിക്ക് മുമ്പ് ഹോസ്റ്റലിൽ എത്തണം, രാത്രിയിൽ പുറത്തിറങ്ങരുത്, സിനിമയ്ക്ക് പോകരുത് തുടങ്ങിയ മാനേജ്മെന്‍റ് നിയന്ത്രണങ്ങളെയാണ് പെൺകുട്ടികൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. ഇതിന് അനുകൂലമായി വന്ന വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ സമരം.
കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിന് പുറത്തും ഇവർ പ്രതിഷേധിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പിലാക്കാം എന്ന ഉറപ്പിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 200 ലധികം വിദ്യാർത്ഥിനികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. രക്ഷകർതൃ യോഗത്തിന് ശേഷം തീരുമാനമെടുക്കാമെന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്.
