Asianet News MalayalamAsianet News Malayalam

ഇടപെടേണ്ട ആവശ്യമുണ്ടെങ്കിൽ ഇടപെടും; അണ്ടർ സെക്രട്ടറിയുടെ പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് റവന്യു മന്ത്രി

പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ആവർത്തിച്ചുള്ള പരിഹാസത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. 

revenue minister repeats statement on good service entry controversy says he has not noticed it
Author
Trivandrum, First Published Jul 17, 2021, 12:14 PM IST

തിരുവനന്തപുരം: അണ്ടർ സെക്രട്ടറി ഒ ജി ശാലിനിക്കെതിരായ നടപടിയുടെ കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ആവർത്തിച്ച് റവന്യു മന്ത്രി കെ രാജൻ. അത്തരമൊരു കാര്യമുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി ഇടപെടേണ്ട ആവശ്യമുണ്ടെങ്കിൽ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ആവർത്തിച്ചുള്ള പരിഹാസത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. 

സംസ്ഥാനത്ത് ഒരു റവന്യൂമന്ത്രി ഉണ്ടോ എന്ന് ചോദിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. സൂപ്പർ മന്ത്രിയായ വകുപ്പ് സെക്രട്ടറിക്ക് അധികാരം അടിയറ വെച്ചോയെന്നായിരുന്നു പരിഹാസം. വകുപ്പിൽ നടക്കുന്നത് മന്ത്രി അറിയുന്നുണ്ടോയെന്നാണ് മരം മുറി വിവാദത്തിൽ അണ്ടർ സെക്രട്ടറിക്കെതിരെ എടുത്ത നടപടി അറിഞ്ഞില്ലെന്ന മന്ത്രിയുടെ പ്രതികരണം ചൂണ്ടിക്കാട്ടി വി ഡി സതീശന്റെ ചോദ്യം.

മരംമുറിയുടെ ഫയലുകള്‍ വിവരാവകാശ നിയമ പ്രകാരം നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എൻട്രി പിൻവലിച്ച് റവന്യുവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി നടത്തിയ ഇടപെടലാണ് പുതിയ വിവാദത്തിലേക്ക് വഴിതുറന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അവധിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അണ്ടർ സെക്രട്ടറി ഒ ജി ശാലിനിക്കെതിരായ നടപടി വന്നത്.

രേഖകള്‍ നൽകിയതിന് ഉന്നത ഉദ്യോഗസ്ഥർ ശാസിച്ച ശേഷം നിർബന്ധിത അവധിയിൽപോകാൻ നിർദ്ദേശിച്ചെന്ന സൂചനക്കിടെയാണ്  ശാലിനിയുടെ ഗുഡ് സർവ്വീസ് എൻട്രി പിൻവലിച്ചത്. പട്ടയവിതരണത്തിൽ ശാലിനി നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ ജയതിലക് ശാലിനിക്ക് ഗുഡ് സർവ്വീസ് എൻട്രി നൽകിയത്. അടുത്തിടെ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ശാലിനി നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗുഡ് സർവ്വീസ് എൻട്രി പിൻവലിക്കുന്നുവെന്ന് ജയതിലക് തന്നെ ഇറക്കിയ ഉത്തരവിൽ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios