പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാലക്കാട്ടെ കോൺ​ഗ്രസിൽ പൊട്ടിത്തെറി. ജില്ലയിൽ പാർട്ടിക്കും മുന്നണിക്കുമുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം പാലക്കാട് ഡിസിസി അധ്യക്ഷനും എംപിയുമായ വികെ ശ്രീകണ്ഠൻ്റെ ഏകാധിപത്യ പ്രവണതകളാണെന്നാരോപിച്ച് ഡിസിസി ഉപാധ്യക്ഷൻ സുമേഷ് അച്യുതൻ രം​ഗത്തെത്തി. 

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വി.കെ.ശ്രീകണ്ഠൻ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാനാ‍ർത്ഥി നി‍ർണയത്തിൽ ഉൾപ്പെടെ പ്രാദേശിക വികാരം മനസ്സിലാക്കി തീരുമാനമെടുക്കാൻ ഡിസിസി അധ്യക്ഷന് സാധിച്ചില്ല. ഇക്കാര്യത്തിൽ കെപിസിസിക്ക് രേഖാമൂലം പരാതി നൽകുമെന്നും സുമേഷ് അച്യുതൻ പറഞ്ഞു. പാ‍ർട്ടി നേരിട്ട പരാജയത്തിന് കാരണം താനാണെന്ന് സ്വയം തിരിച്ചറിഞ്ഞ് ഡിസിസി അധ്യക്ഷൻ മാറി നിൽക്കുകയാണ് വേണ്ടതെന്നും സുമേഷ് അച്യുതൻ പറഞ്ഞു.