തിരുവനന്തപുരം: സിപിഎം നേതാവും യുവജമനബോർഡ് വൈസ് ചെയർമാനുമായിരുന്ന പി ബിജുവിന്റെ വീട് സന്ദർശിച്ച് നിയുക്ത മന്ത്രി പി എ മുഹമ്മദ് റിയാസും എംഎൽഎ എ എൻ ഷംസീറും. ബിജുവിന്റെ വീട്ടിലെത്തിയ നേതാക്കളൾ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചു. 

ബിജുവിന്റെ മക്കളുടെ സമ്പാദ്യക്കുടുക്കയിലെ പണം അവർ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിനായി തന്നെ ഏൽപ്പിച്ചതായും ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു. ''അച്ഛന്റെ കൈയൊപ്പും സുഗന്ധവും ഓർമ്മകളും നിറഞ്ഞു നിൽക്കുന്ന ആ ചെറിയ, വിലമതിക്കാനാവാത്ത ആ നാണയതുട്ടുകൾ നിറഞ്ഞ കുടുക്ക എന്നെ ഏൽപിച്ചു. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ഇതിലെ തുക നൽകുവാനാണ് അവർ എന്നോട് പറഞ്ഞത്.'' - ഷംസീർ കുറിച്ചു. 

എ എൻ ഷംസീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഏറെ നാളുകൾക്ക് ശേഷമാണ് ഒന്നിലേറെ ദിവസം തിരുവനന്തപുരത്ത് നിൽക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ  പ്രിയസഖാവ് സഖാവ് പി. ബിജുവിന്റെ വീട്ടിൽ ഇന്ന് പോകാൻ സാധിച്ചു. 
അഴിക്കോടിന്റെ നിയുക്ത എം.എൽ.എ സഖാവ് കെ.വി സുമേഷും കൂടെ ഉണ്ടായിരുന്നു.
എന്റെയും സുമേഷിന്റെയും ഇടതുപക്ഷ മുന്നണിയുടെയും വിജയത്തിൽ നാം ഏവരേയും എന്ന പോലെ സഖാവിന്റെ കുടുംബവും വളരെയധികം സന്തോഷത്തിലാണ്.
അതിനു ശേഷമാണ് ഏറെ വികാരനിർഭരമായ ഈ ഫോട്ടോയിൽ നിങ്ങൾ കാണുന്ന കാര്യങ്ങൾ സംഭവിച്ചത്.
സഖാവ് ബിജു  മക്കളുടെ കൂടെ ഉണ്ടായിരുന്ന സമയത്ത് തന്റെ പിഞ്ചോമനകൾക്ക് പലതവണയായി പോക്കറ്റിൽ ഉണ്ടാകുന്ന നാണയത്തുട്ടുകൾ നൽകാറുണ്ടായിരുന്നു. അവരത് ഭംഗിയുള്ള ഒരു ചെറിയ ചുവന്ന കുടുക്കയിൽ നിധി പോലെ സൂക്ഷിക്കാറുമുണ്ട്.
ഒരു മടിയും കൂടാതെ അച്ഛന്റെ കൈയൊപ്പും സുഗന്ധവും ഓർമ്മകളും നിറഞ്ഞു നിൽക്കുന്ന ആ ചെറിയ, വിലമതിക്കാനാവാത്ത ആ നാണയതുട്ടുകൾ നിറഞ്ഞ കുടുക്ക എന്നെ ഏൽപിച്ചു..
മുഖ്യമന്ത്രിയുടെ VaccineChallenge ലേക്ക് ഇതിലെ തുക നൽകുവാനാണ് അവർ എന്നോട് പറഞ്ഞത്.
മറുപടിയായി എന്ത് പറയണമെന്നറിയാതെ ഞാനും സുമേഷും ഒരല്പനേരം ഒന്നും അവരോട് പറയാനാകാതെ നിന്നു. അവരുടെ നാടിനോടുള്ള ഈ സ്‌നേഹം അവരെ ഹൃദയത്തോട് ചേർത്ത് സ്വീകരിക്കുകയല്ലാതെ വേറെ എന്താണ് ചെയ്യാനാവുക. അവരെ നെഞ്ചോട് ചേർത്തു കൊണ്ട് വിലമതിക്കാനാകാത്ത അവരുടെ ആ നിധി ഞാൻ സ്വീകരിച്ചു. എത്രയും പെട്ടന്ന് തന്നെ ബിജുവിന്റെ കൈയൊപ്പ് പതിഞ്ഞ, അവന്റെ ഓർമ്മകളായി നിലനിൽക്കുന്ന ഈ തുക അവന്റെ പിഞ്ചോമനകൾക്ക് വേണ്ടി മുഖ്യമന്ത്രിയെ ഏൽപ്പിക്കുന്നതാണ്..
തുടർന്ന് ഞങ്ങളെ ചുവന്ന ഹാരാർപ്പണം നടത്താനും പ്രിയപ്പെട്ട മക്കൾ തയ്യാറായി. അവരുടെ ഈ സ്നേഹത്തിനു എങ്ങനെ, എന്ത് പകരം നൽകും എന്നത് ഒരു ചോദ്യമായി നിലനിൽക്കുകയാണ്. എന്നും കൂടെയുണ്ടാവും എന്ന വാക്ക് അവർക്ക് നൽകുകയാണ്.
സഖാവ് പി. ബിജുവിന്റെ മക്കളേയും കുടുംബത്തെയും നെഞ്ചോട് ചേർത്ത് നിർത്തി അഭിവാദ്യം ചെയ്യുന്നു.
ലാൽസലാം