കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിലെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് കേസിൽ ശിക്ഷിക്കപ്പെട്ട വൈദികൻ. പെൺകുട്ടിയെ വിവാഹം ചെയ്യാനും കുട്ടിയെ സംരക്ഷിക്കാനും അനുമതി തേടിയാണ് മാനന്തവാടി രൂപതാ വൈദികനായിരുന്ന  റോബിന്‍ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ പീഡനത്തിരയായ പെൺകുട്ടിയും കേസിൽ കക്ഷിചേര്‍ന്നു 

കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് റോബിന്‍ വടക്കുംചേരി. വിവാഹ ആവശ്യത്തിനായി രണ്ട് മാസത്തേക്ക് ശിക്ഷയിൽ ഇളവിനും അനുമതി തേടിയിട്ടുണ്ട്. അതേസമയം വിവാഹത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാൽ മുൻ വൈദികന്‍റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാടെടുത്തത്. 

വൈദികന് വേണമെങ്കിൽ പെൺകുട്ടിയെ വിവാഹം കഴിക്കാമായിരുന്നു. പെൺകുട്ടിയേയോ കുഞ്ഞിനേയോ സംരക്ഷിക്കാൻ തയ്യാറായിട്ടില്ലെന്നിരിക്കെ കോടതിയുടെ അനുമതിയോടെ വിവാഹം കഴിക്കുന്നതിന് പിന്നിൽ ശിക്ഷാ ഇളവ് നേടാനുള്ള നീക്കമടക്കം സംശയിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തു. പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കോടതി ഈ മാസം 24 ന് കേസ് വീണ്ടും പരിഗണിക്കും.