Asianet News MalayalamAsianet News Malayalam

'ആഴ്ചയിൽ രണ്ടു ദിവസമേ പണിക്കു പോകൂ, വീട്ടിൽ പൈസ ആവശ്യമില്ലെന്ന് പറയും'; മുർഷിദ് ഹസനെക്കുറിച്ച് സഹവാസി

ലോക്ക്ഡൗണായതോടെ ജോലി ഇല്ലെന്നും ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കാൻ നിവൃത്തിയില്ലെന്നും പറഞ്ഞാണ് മുർഷിദ് പാതാളത്ത് എത്തിയത്. അങ്ങനെയാണ് അയാളെ ഒപ്പം കൂട്ടിയത്.

room mate commnet on al qaeda murshi hassan
Author
Cochin, First Published Sep 19, 2020, 10:47 AM IST

കൊച്ചി: എറണാകുളത്ത് നിന്ന് എൻഐഎ പിടികൂടിയ അൽ ഖ്വയ്ദ പ്രവർത്തകൻ മുർഷിദ് ഹസൻ ലോക്ക്ഡൗൺ സമയത്താണ് പാതാളത്ത് എത്തിയതെന്ന് സഹവാസി പറഞ്ഞു. ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് ജോലിക്ക് പോയിരുന്നത്. വീട്ടിലേക്ക് പണം അയയ്ക്കേണ്ട ആവശ്യമില്ലെന്നതായിരുന്നു ‌മറ്റ് ദിവസങ്ങളിൽ ജോലിക്ക് പോകാത്തതിന് പറഞ്ഞ ന്യായീകരണമെന്നും മുർഷിദിന്റെ കൂടെ താമസിച്ചിരുന്നയാൾ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്ക്ഡൗണായതോടെ ജോലി ഇല്ലെന്നും ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കാൻ നിവൃത്തിയില്ലെന്നും പറഞ്ഞാണ് മുർഷിദ് പാതാളത്ത് എത്തിയത്. അങ്ങനെയാണ് അയാളെ ഒപ്പം കൂട്ടിയത്. മുർഷിദ് വീട്ടുകാരുമായൊന്നും ബന്ധപ്പെടുന്നതായി തോന്നിയിട്ടില്ല. അതുകൊണ്ടു തന്നെ വീട്ടിലേക്ക് പണമയയ്ക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് സ്ഥിരമായി ജോലിക്ക് പോകാത്തതെന്ന് പറഞ്ഞപ്പോൾ തങ്ങളൊക്കെ വിശ്വസിച്ചു. മുർഷിദിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. താമസിക്കുന്ന വീടിനു പുറത്ത് ആരുമായെങ്കിലും അടുപ്പമുള്ളതായും അറിയില്ല.

പുലർച്ചെ രണ്ട് മണിയോടെയാണ് പൊലീസുകാർ അന്വേഷണത്തിനായി വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും ആധാർ കാർഡുകളും മറ്റും പൊലീസ് വാങ്ങിക്കൊണ്ടുപോയി. ഫോണുകളും കൊണ്ടുപോയി. ഇന്ന് രാവിലെ ഓഫീസിലെത്തി അവ തിരികെ വാങ്ങണമെന്ന് അറിയിച്ചിരുന്നതായും മുർഷിദിന്റെ സഹവാസി പറഞ്ഞു. 

"

ഇന്ന് പുലർച്ചെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൻ്റെ ഭാഗമായാണ്  എറണാകുളത്ത് നിന്ന് മൂന്ന് പേരെ എൻഐഎ പിടികൂടിയത്. ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും പിടികൂടി. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എൻഐഎ പറയുന്നു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്. 

മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായത്. ഇവർ ബംഗാൾ സ്വദേശികളാണ് എന്നാണ് സൂചന. കെട്ടിട്ടനിർമ്മാണ തൊഴിലാളികൾ എന്ന നിലയിലാണ് പിടിയിലായ മൂന്ന് ബംഗാൾ സ്വദേശികളും കൊച്ചിയിൽ താമസിച്ചിരുന്നത് എന്നാണ് വിവരം. മിനിഞ്ഞാന്ന് രാത്രി തന്നെ ഇവരെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് എൻഐഎയുടെ ഉന്നതഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തു.

ദില്ലിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതിനാൽ ഇവരെ എൻഐഎയുടെ ദില്ലി യൂണിറ്റിന് കൈമാറിയേക്കും എന്നാണ് വിവരം. ഇന്ന് തന്നെ ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയേക്കും. ഇവരുമായി ബന്ധപ്പെട്ട് കേരളത്തിൽ തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിൽ റെയ്ഡും അന്വേഷണവും തുടരുമെന്നാണ് സൂചന. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇവർ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നുവെന്നും വിവരം പുറത്തുവരുന്നുണ്ട്. 

ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചത്. ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐ വ്യക്തമാക്കുന്നു. ദില്ലിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകൾ ഇവർ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. ഇന്ത്യൻ മേഖലയിൽ 180-ഓളം അൽ ഖ്വയ്ദ അംഗങ്ങളുള്ളതായി നേരത്തെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു. അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അൽ ഖ്വയ്ദയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ ഇവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നത് പാകിസ്ഥാനിൽ നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്. 

Follow Us:
Download App:
  • android
  • ios