Asianet News MalayalamAsianet News Malayalam

അർജുന്റെ ലോറിയിലെ കയർ പുഴയിൽ നിന്നും കണ്ടെത്തി; സ്ഥിരീകരിച്ച് ലോറി ഉടമ മനാഫ്, നിർണായക കണ്ടെത്തൽ

കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. 50 മീറ്റർ നീളമുള്ള കയറാണ് ലഭിച്ചിരിക്കുന്നത്.

rope of Arjuns lorry was also found in the river Confirmed by the lorry owner Manaf  a crucial finding
Author
First Published Aug 16, 2024, 7:26 PM IST | Last Updated Aug 16, 2024, 7:31 PM IST

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുരോ​ഗമിക്കവേ നിർണായക കണ്ടെത്തൽ. ഇന്ന് നടത്തിയ തെരച്ചിലിൽ ​ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറിയുടെ കയറും ലോഹഭാ​ഗങ്ങളും കണ്ടെത്തി. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. 50 മീറ്റർ നീളമുള്ള കയറാണ് ലഭിച്ചിരിക്കുന്നത്.  ഈശ്വർ മാൽപയുടെ സംഘത്തിന്റേതാണ് നിർണായക കണ്ടെത്തൽ. വലിച്ചു കയറ്റിയ ലോഹഭാ​ഗങ്ങൾക്കൊപ്പമാണ് കയറും ലഭിച്ചിരിക്കുന്നത്. അതേ സമയം വണ്ടിയുടെ ബോഡിപാർട്ട് അർജുന്റെ വണ്ടിയുടേതല്ല. 

ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മലയാളി ഡ്രൈവറായ അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം തികയുന്നു. അര്‍ജുനായി കഴിഞ്ഞ ദിവസം നിർത്തിവെച്ച ഷിരൂർ ഗംഗാവലി പുഴയിലെ തെരച്ചിലാണ് ഇന്ന് വീണ്ടും ആരംഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഡ്രഡ്ജർ എത്തിക്കുന്നത് വരെ തെരച്ചില്‍ നടത്തുക മുങ്ങൽ വിദഗ്ധരായിരിക്കും. അനുമതി ലഭിച്ചാല്‍ നേവിയുമെത്തും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് ഇന്ന് പരിശോധന നടത്തിയത്. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ സംഘാംഗങ്ങൾ, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവരാണ് ഇന്ന് തെരച്ചിലില്‍ പങ്കാളികളായത്.അർജുന് പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും കണ്ടെത്താനുണ്ട്. 

അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണായക തെളിവ് ലഭിച്ചെന്ന് രക്ഷാ ദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ കയറടക്കം കണ്ടെത്തിയതിനാൽ അ‍ർജുന്‍റെ ലോറി പുഴക്കടിയിൽ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവർ വിവരിച്ചു. ലോറി പുഴക്ക് അടിയിൽ ഉണ്ടെന്നതിന്‍റെ തെളിവാണ് ഇന്ന് കയർ ലഭിച്ചതെന്നും കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഈ കയർ ലഭിച്ച സ്ഥലം അടിസ്ഥാനമാക്കിയായിരിക്കും ഇനിയുള്ള പരിശോധന. ഡ്രഡ്ജർ എത്തുന്നത് വരെ ഡൈവർമാർ തെരച്ചിൽ നടത്തുമെന്നും ഡ്രഡ്ജർ എത്തിയശേഷം തെരച്ചിൽ ഏതുതരത്തിൽ വേണമെന്ന് തീരുമാനമെടുക്കുമെന്നും കളക്ടർ വിവരിച്ചു. ഡ്രഡ്ജിംങ്ങും മുങ്ങിയുള്ള പരിശോധനയും ഒരുമിച്ച് നടത്താനാവില്ലെന്നും ഇത് പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അവർ വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios