തിരുവനന്തപുരം: സിനിമയിലെ അവസരങ്ങൾക്ക് വേണ്ടി കിടപ്പറ പങ്കിടാൻ ചിലർ നിർബന്ധിക്കാറുണ്ടെന്ന്  നടിമാർ മൊഴി നൽകിയതായി റിട്ട. ജസ്റ്റിസ് ഹേമ കമ്മീഷൻ. ശക്തമായ നിയമ നടപടികളിലൂടെ മാത്രമേ സിനിമയിലെ അനീതികള്‍ക്ക് പ്രശ്നപരിഹാരം സാധ്യമാവൂ. അതിനായി ശക്തമായ നിയമം കൊണ്ടുവരണം. ട്രൈബ്യൂണല്‍ രൂപികരിക്കണമെന്നും കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തണം. ഇതിനുള്ള അധികാരവും ട്രൈബ്യൂണലിന് നല്‍കണം. മലയാള സിനിമയിൽ അഭിനേതാക്കളെ തീരുമാനിക്കാൻ സ്വാധീനമുള്ള ലോബിയുണ്ട്. ആര് അഭിനയിക്കണം ആര് അഭിനയിക്കരുത് 
എന്നെല്ലാം തീരുമാനിക്കുന്നത് ഇവരാണ്. സിനിമയില്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്നതും ഇവരാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. 

സിനിമയില്‍ അവസരങ്ങള്‍ക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം ചില പുരുഷന്‍മാര്‍ മുന്നോട്ട് വയ്ക്കുന്നു. നല്ല സ്വഭാവമുള്ള പല പുരുഷന്‍മാരും സിനിമയില്‍ ഉണ്ടെന്നും പല നടിമാരും കമ്മീഷന് മൊഴി നല്‍കി. 300 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ആയിരകണക്കിന് അനുബന്ധ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. നിരവധി ഓഡിയോ, വീഡിയോ ക്‌ളിപ്പിങ്ങുകളും സ്‌ക്രീന്‍ ഷോട്‌സും അടങ്ങുന്ന പെന്‍ഡ്രൈവും കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. 

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പഠിച്ച കമ്മീഷനാണ് ഹേമ കമ്മീഷന്‍.  മുഖ്യമന്ത്രിയ്ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രമുഖ നടി ശാരദയും വത്സലകുമാരി ഐ എ എസുമായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. 
ഇവരും പ്രത്യേകം റിപ്പോര്‍ട്ടുകള്‍ കൈമാറി.