ദേവികുളം തെരഞ്ഞെടുപ്പിൽ വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ രാജേന്ദ്രനെ പാര്‍ട്ടിയിൽ നിന്ന് പുറത്തക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.

ദില്ലി: ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി എസ് രാജേന്ദ്രൻ (S Rajendran). പാർട്ടി അന്വേഷണത്തിൽ വിശദീകരണം നൽകിയില്ല എന്നു പറയുന്നത് തെറ്റെന്ന് രാജേന്ദ്രൻ. പാർട്ടിയിൽ ചിലർ തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മെമ്പര്‍ഷിപ്പ് കൊടുക്കുന്നതും ഒഴിവാക്കുന്നതുമെല്ലാം പാര്‍ട്ടിയുടെ അവകാശമാണെന്നും നടപടി ശുപാർശയോടുള്ള പ്രതികരണമായി എസ് രാജേന്ദ്രൻ പറഞ്ഞു.

ആരെങ്കിലും കഥയെഴുതുന്നതിനനുസരിച്ച് അഭിനയിക്കാൻ തനിക്കറിയില്ല. തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ച് ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. അതിൽ ഇതുവരെയും നടപടിയുണ്ടായില്ല. പാര്‍ട്ടി അന്വേഷണത്തിന്മേൽ വിശദീകരണ കത്തും നൽകിയിരുന്നു. അത് കിട്ടിയില്ല എന്ന് പറയുന്നത് അവാസ്ഥവമെന്നും എസ് രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട്. ദേവികുളം തെരഞ്ഞെടുപ്പിൽ വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ രാജേന്ദ്രനെ പാര്‍ട്ടിയിൽ നിന്ന് പുറത്തക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെതിരെയാണ് ശക്തമായ ഭാഷയിലുള്ള രാജേന്ദ്രന്റെ പ്രതികരണം. ആത്മാര്‍ത്ഥമായാണ് ഇക്കാലമത്രയും പാര്‍ട്ടിയിൽ പ്രവര്‍ത്തിച്ചതെന്നും എസ് രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിൽ ദേവികുളം തെരഞ്ഞെടുപ്പ് വീഴ്ചയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജേന്ദ്രനെതിരെ നടപടിയെടുക്കാന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശുപാർശ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത ഉണ്ടായില്ല, പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തലുകള്‍. ഒരു വർഷത്തേക്ക് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തിരിക്കുന്നത്.

Also Read: ദേവികുളം തെരഞ്ഞെടുപ്പ് വീഴ്ച; മുൻ എംഎൽഎ എസ് രാജേന്ദ്രനെ പുറത്താക്കാൻ ശുപാർശ