തിരുവനന്തപുരം: യുഡിഎഫിന്റെ അവിശ്വാസ പ്രമേയം മല എലിയെ പ്രസവിച്ചത് പോലെയാണെന്ന് എസ് ശർമ്മ എംഎൽഎ. നിയമസഭയുടെ ചരിത്രത്തിൽ ഇതിന് മുൻപ് അവതരിപ്പിച്ച 18 അവിശ്വാസ പ്രമേയങ്ങൾക്കും വ്യക്തമായ കാരണങ്ങളുണ്ടായിരുന്നുവെന്നും വിഡി സതീശൻ അവതരിപ്പിച്ചതിന് അതില്ലെന്നും ശർമ്മ പറഞ്ഞു.

സാധാരണ ഒരു സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ അംഗ ബലം കൂടുകയാണ് പതിവ്. എന്നാൽ യുഡിഎഫിന്റെ അംഗബലം കുറഞ്ഞു. പാലാ, കോന്നി, വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തിന് പിന്തുണ നഷ്ടപ്പെട്ടു. ജനപിന്തുണ നഷ്ടപ്പെട്ട യുഡിഎഫിന് എങ്ങനെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ സാധിക്കുകയെന്ന് അദ്ദേഹം ചോദിച്ചു.

ബിജെപി ആരോപണം അതെപടി ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയ്യുന്നത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സ്വാധീനം ചെലുത്തിയെന്ന് ഒരു ഏജൻസിയും ഇതുവരെ പറഞ്ഞിട്ടില്ല.  പ്രതിപക്ഷത്തിന്റെ പക്കൽ ഈ സംഭവത്തിൽ രാജ്യദ്രോഹം നടന്നതിന് തെളിവുണ്ടെങ്കിൽ അത് അന്വേഷണ ഏജൻസികൾക്ക് മുന്നിൽ നൽകണം. എന്നാൽ പ്രതിപക്ഷത്തിന് അക്കാര്യത്തിൽ മുട്ടുവിറയ്ക്കും.

രാമ ക്ഷേത്ര നിർമാണോദ്ഘാടന ചടങ്ങിലേക്ക് വിളിച്ചില്ലെന്നു പറഞ്ഞ് വിലപിക്കുകയായിരുന്നു കോൺഗ്രസ്‌. അവർക്ക് മൃദു ഹിന്ദുത്വ നിലപാടാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പിസി അലക്‌സാണ്ടറെ പുറത്താക്കി. പിന്നീട് ഇയാളെ തന്നെ കോൺഗ്രസ് ഗവർണറാക്കി. അതുപോലെയല്ല ഇടതുപക്ഷം. വിഡി സതീശൻ വിദേശത്ത് പോയി പണം പിരിച്ച് വീട് നിർമ്മിച്ചപ്പോൾ കേന്ദ്ര അനുമതി ഉണ്ടായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.