പാളികള്‍ ചെന്നൈയിൽ എത്തിച്ച ശേഷം ബെല്ലാരിയിൽ നിന്നും 2025 ഓഗസ്റ്റ് എട്ടിന് പോറ്റി മുദ്രപത്രം വാങ്ങി. തുടര്‍ന്ന് ഓഗസ്റ്റ് പത്താം തീയതി പോറ്റിയും തിരുവാഭരണം കമ്മീഷണർ റജിലാലും ചേര്‍ന്ന് വ്യാജ കരാറിൽ ഒപ്പിട്ടു.

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് റിമാൻഡ് റിപ്പോര്‍ട്ട്. തിരുവാഭരണം കമ്മീഷണറുടെ അഭിപ്രായം തള്ളി സ്വര്‍ണപാളികള്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷൻസിൽ കൊണ്ടു പോകാൻ സമ്മര്‍ദ്ദം ചെലുത്തിയത് പ്രശാന്താണ്. 2025 ൽ വ്യാജകരാറുണ്ടാക്കിയെന്നും 2019 ലെ സ്വര്‍ണക്കൊള്ള മറച്ചു വെക്കുന്നതിനാണ് പ്രതികളുടെ ഗൂഢാലോചനയെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്.

ഇന്നലെ പ്രശാന്ത് പറഞ്ഞതു പോലെയല്ല, റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്വര്‍ണം പൂശാൻ പരമ്പരാഗത രീതി സ്വീകരിക്കണം എന്നായിരുന്നു തിരുവാഭരണ കമ്മീഷണര്‍ റജിലാലിന്‍റെ അഭിപ്രായം. സ്വര്‍ണം ഇളക്കി മാറ്റി വീണ്ടും പ്ലേറ്റ് ചെയ്യാനുള്ള സംവിധാനം ചെന്നൈ സ്മാര്‍ട് ക്രിയേഷൻസിനില്ല. ഇങ്ങനെ റിപ്പോര്‍ട്ട് ദേവസ്വം സെക്രട്ടറിക്ക് നൽകിയത് 2025 ജൂലൈ 30ന്. 

എന്നാൽ പ്രസിഡന്‍റ് പ്രശാന്ത് പാളികള്‍ ചെന്നൈയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. സമ്മര്‍ദ്ദം ചെലുത്തിയതോടെ റജിലാൽ നിലപാട് മാറ്റി. ചെന്നൈയിൽ തന്നെ കൊണ്ടുപോകാമെന്ന് തിരുവാഭരണം കമ്മീണര്‍ സെക്രട്ടറിക്ക് കത്ത് നൽകി. ഓഗസ്റ്റ് രണ്ടിന് ചേര്‍ന്ന ബോര്‍ഡ് യോഗം അനുമതിയും കൊടുത്തു. പാളികള്‍ ചെന്നൈയിലേയ്ക്ക് കൊണ്ടു പോയെങ്കിലും നിയമാനുസൃതമായ കരാറുണ്ടായിരുന്നില്ല. ബെല്ലാരിയിൽ നിന്ന് 2025 ഓഗസ്റ്റ് എട്ടിന് ഉണ്ണികൃഷ്ണൻ പോറ്റി മുദ്രപത്രം വാങ്ങി. പത്താം തീയതി പോറ്റിയും തിരുവാഭരണം കമീഷണറും വ്യാജ കരാറിൽ ഒപ്പിട്ടു. 12 പാളികളിൽ നാല് പാളികളിൽ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തു. സ്മാര്‍ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിക്ക് വൻ ലാഭം ഉണ്ടാക്കാൻ പ്രതികള്‍ ഒത്താശ ചെയ്തു. 2020 മുതൽ 2025 വരെയുള്ള ബോര്‍ഡ് ജീവനക്കാരുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്നും എസ് ഐടി ആവശ്യപ്പെടുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming