ജംഷഡ്പൂരിലെ ലാബാണ് റിപ്പോർട്ട് കൈമാറിയിട്ടുള്ളത്. കേസിൽ കുറ്റപത്രങ്ങൾ ഉടൻ സമർപ്പിക്കും. ശബരിമല കേസിലെ സുപ്രധാന റിപോർട്ടാണ് എസ്ഐടിക്ക് മുന്നിലെത്തിയിരിക്കുന്നത്. റിപ്പോർട്ട് കൊല്ലം കോടതിയിൽ നൽകി
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളികൾ അപ്പാടെ മാറ്റിയിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. കൊള്ളയടിച്ചത് പാളികളിൽ പൊതിഞ്ഞ സ്വർണ്ണമാണെന്നാണ് കണ്ടെത്തൽ. ജംഷഡ്പൂരിലെ ലാബിൽ നടത്തിയ പരിശോധനാ റിപ്പോർട്ട് എസ്ഐടി കോടതിയിൽ സമർപ്പിച്ചു. ശാസ്ത്രീയ പരിശോധന ഫലം വന്നതോടെ കുറ്റപത്രം വൈകാതെ നൽകും.
ശബരിമലയിലെ കട്ടിളപാളികളും- ദ്വാരപാലക പാളികളും കടൽ കടത്തി കൊണ്ടുപോയി വിൽപ്പന നടത്തിയെന്നായിരുന്നു പ്രധാന സംശയം. ഇതേ തുടർന്നാണ് സ്മാർട് ക്രിയേഷനിൽ കൊണ്ടുപോയി സ്വർണം പൂശിയ ശബരിമലയിൽ നിലവിലുള്ള പാളികളിൽ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് വിഎസ്.എസ്.സിയിൽ പരിശോധന നടത്തിയത്. കളവ്പോയെ സ്വർണത്തിൻെറ അളവ് കണ്ടെത്തിയെങ്കിലും പാളികളുടെ കാലപ്പഴക്കം കണ്ടെത്താൻ വിഎസ്എസിക്ക് കഴിഞ്ഞില്ല. ജംഷഡ്പൂരിലെ മെറ്റലർജിക്കൽ ലാബിൽ സംശയം തീർക്കാൻ വീണ്ടും നൽകിയ സാമ്പിളുകളുടെ പരിശോധന റിപ്പോർട്ടാണ് ഇപ്പോള്‍ എസ്ഐടി ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചത്.
എട്ട് സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഈ സാമ്പിള്‍ പരിശോധനയിൽ സ്വർണം പതിച്ചിട്ടുള്ള അടിസ്ഥാന പാളികള്‍ മാറ്റിയിട്ടില്ലെന്ന് കണ്ടെത്തിയെന്നാണ് വിവരം. കൊല്ലം വിജിലൻസ് കോടതി റിപ്പോർട്ട് പരിശോധിച്ച ശേഷം എസ്ഐടിക്ക് നൽകും. പാളികള്‍ പഴയതോ പുതിയതോ എന്ന് സ്ഥിരീകരണമില്ലാത്തതിനാലാണ് കുറ്റപത്രം വൈകിയത്. ശാസ്ത്രീയ പരിശോധന റിപ്പോർട്ട് വന്നതിനാൽ രണ്ട് കേസുകളിുലും കുറ്റപത്രം തയ്യാറാക്കി പ്രോസിക്യൂഷൻ അനുതിക്കായി സർക്കാരിന് നൽകും. അതേ സമയം ഇപ്പോള്‍ നടത്തുന്ന എസ്ഐടി അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.
അന്തിമ റിപ്പോർട്ടിൻെറ വിവരങ്ങള്‍ ഹൈക്കോടതിയെയും അറിയിക്കും. പി. എസ്. പ്രശാന്തിൻെറ കാലത്ത് സ്വർണപാളികള്‍ പുറത്തുകൊണ്ടുപോയതിൽ വിജിലൻസ് അന്വേഷണം വേണമെന്നോയെന്ന കാര്യത്തിൽ ശാസ്ത്രീയ ഫലം വരട്ടെയെന്നതായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ശാസ്ത്രീയ റിപ്പോർട്ട് പരിശോധിച്ച ശേഷം ഇക്കാര്യത്തിലും ഹൈക്കോടതി ഉത്തരവിടും.

