ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുമായി ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മീഷണർ സി ആർ രാധാകൃഷ്ണൻ.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിര്‍ണായക വെളിപ്പെടുത്തലുമായി ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മീഷണർ സി.ആർ.രാധാകൃഷ്ണൻ. ന്യൂസ് അവറിലാണ് സി.ആർ.രാധാകൃഷ്ണന്‍റെ വെളിപ്പെടുത്തൽ. ശബരിമലയിൽ ഒന്നും നിയമപരമായി നടക്കുന്നില്ലെന്ന് തിരുവാഭരണം കമ്മീഷണറായിരുന്ന ആർ ജി രാധാകൃഷ്ണൻ ബോർഡിനെ കത്ത് നൽകി അറിയിച്ചിരുന്നതായി സി.ആർ രാധാകൃഷ്ണൻ പറഞ്ഞു. 2019 സെപ്റ്റംബർ 3ന് അന്നത്തെ പ്രസിഡന്റ് പത്മകുമാറിന് നൽകിയ കത്തിന്റെ പകർപ്പും അദ്ദേഹം പുറത്തുവിട്ടു. വസ്തുവകകൾ സുരക്ഷിതമല്ല. ഒന്നും വ്യവസ്ഥാപിതമല്ല. വെരിഫിക്കേഷൻ നടക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ കത്തിൽ പറയുന്നുണ്ട്. ആർ ജി രാധാകൃഷ്ണൻ പത്മകുമാറിന് നൽകിയ കത്ത് പുറത്ത് വിട്ടു. രണ്ട് പേജുള്ള കത്ത് അന്നത്തെ പ്രസിഡന്റിന് നൽകിയിരുന്നു.
അതേ സമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ കാലാവധി നീട്ടില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. പകരം ഹരിപ്പാട് മുൻ എംഎൽഎയും ആലപ്പുഴയിൽ നിന്നുള്ള മുതിര്‍ന്ന നേതാവുമായ ടികെ ദേവകുമാറിനെ ബോര്‍ഡ് പ്രസിഡന്‍റാക്കുന്നത് സിപിഎം സജീവമായി പരിഗണിക്കുന്നു. നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കും. തെരഞ്ഞെടുപ്പ് കാലത്ത് അനാവശ്യ ചര്‍ച്ചകൾക്ക് ഇടം നൽകേണ്ടതില്ലെന്ന് കണ്ടാണ് കാലാവധി നീട്ടാനുള്ള നീക്കം ഉപേക്ഷിച്ചത്.


