ബെല്ലാരിയിലെ സ്വർണവ്യാപാരി ​ഗോവർദ്ധനാണ് പോറ്റി സ്വർണം വിറ്റത്. ​ഗോവർ​ദ്ധന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ പാളികളിൽ നിന്ന് വേർതിരിച്ച സ്വർണം കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിക്ക് ഉണ്ണികൃഷ്ണൻ പോറ്റി വിറ്റുവെന്ന് എസ്.ഐ.ടി.കണ്ടെത്തൽ. ബല്ലാരി സ്വദേശിയായ ഗോവർദ്ധനാണ് സ്വര്‍ണം വിറ്റതെന്ന് സമ്മതിച്ച് പോറ്റിയും വാങ്ങിയതായി ഗോവർദ്ധനും മൊഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം ബംഗല്ലൂരിലേക്ക് തെളിവെടുപ്പിനായി പോയി. ശബരിമലയിലെ സ്വർണപാളികളിൽ നിന്നും കട്ടെടുത്ത സ്വർണം ഉണ്ണികൃഷ്ണന പോറ്റി എന്തു ചെയ്തുവെന്നായിരുന്നു പ്രധാന ചോദ്യം. തൊണ്ടിമുതൽ കണ്ടെത്തുകയായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൻെറ പ്രധാന കടമ്പ.

സ്വര്‍ണം വിറ്റെന്ന് ചോദ്യം ചെയ്യലിൽ ഉണ്ണി കൃഷ്ണൻ പോറ്റി സമ്മതിച്ചു. സ്വർണം വാങ്ങിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ശശിധരൻെറ ചോദ്യം ചെയ്യലിൽ ഗോവർദ്ധനും സമ്മതിച്ചു. പോറ്റിയുടെ സുഹൃത്താണ് ബെല്ലാരിയിലെ റോഡം ജ്വല്ലറി ഉടമയായ ഗോവർദ്ധൻ. ശാന്തിക്കാരനായിരിക്കെ ശ്രീറാംപുരിയിലെ അയ്യപ്പ ക്ഷേത്രത്തിൽ വച്ചാണ് അയ്യപ്പ ഭക്തനായ ഗോവര്‍ധൻ പോറ്റിയെ പരിച്ചയപ്പെടുന്നത്. ശബരിമലയിലെ കീഴ്ശാന്തിയുടെ പരികർമ്മിയും പിന്നീട് സ്പോണ്‍സറുമായി പോറ്റി എത്തിയപ്പോഴും സൗഹൃദം തുടര്‍ന്നു. 

കട്ടിളപാളികള്‍ ചെന്നൈ സ്മാർട് ക്രിയേഷൻസിലെത്തിച്ചപ്പോള്‍ പൂശാനായി സ്വർണം നൽകിയത് ഗോവർദ്ധനാണ്. ഇതിന് ശേഷമാണ് ദ്വാരപാലക ശിൽപ്പത്തിന്‍റെ പാളികളെത്തിക്കുന്നത്. വേർതിരിച്ച സ്വർണം പോറ്റിയുടെ നിർദ്ദേശ പ്രകാരം കൽപ്പേഷ് എന്നയാളിന് നൽകിയെന്നാണ് സ്ഥാപനത്തിന്‍റെ സിഇഒ പങ്കജ് ഭണ്ടാരിയുടെ മൊഴി. കൽപ്പേഷ് വിളിപ്പേർ മാത്രമാണെന്ന് ദേവസ്വം വിജിലൻസിനും പ്രത്യേക സംഘത്തിനും സംശയമുണ്ടായിരുന്നു ഗോവർദ്ധൻ തന്നെയാണോ കല്‍പേഷ് എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരേണ്ടത്. കൽപ്പേഷിനെ തേടിയുള്ള അന്വേഷണമാണ് ബെല്ലാരി സ്വദേശിയായ സ്വർണ വ്യാപാരി ഗോവർദ്ധനിലെത്തിയത്.

സ്വർണം കണ്ടെത്താനായി പോറ്റിയുമായി അന്വേഷണ സംഘം കര്‍ണാടകയിലേയ്ക്ക് പോയി. ഗൂഡാലോചനയിലെ കണ്ണികളെയാണ് ഇനി കണ്ടെത്തേണ്ടത്. സ്വർണം ചെമ്പാക്കി രേഖയുണ്ടാക്കിയതിനെക്കുറിച്ച് 2019ലും അതിന് ശേഷം വന്ന ഭരണ സമിതിക്കും അറിവുണ്ടായിരുന്നുവെന്നാണ് മുരാരിബാബുവിൻെറ മൊഴിയെന്നാണ് സൂചന. എ. പത്മകുമാറും എൻ.വാസുമാണ് സ്വർണപാളികള്‍ കൊണ്ടുപോയപ്പോഴും തുടർനടപടികളിലേക്ക് കടക്കുമ്പോഴും പ്രസി‍‍ഡൻറുമാർ. എന്നാൽ 2025ലും സ്വർണ പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ മുരാരി ബാബു ശ്രമിച്ചെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് പറയുന്നത്. പോറ്റിയുടെ ബംഗല്ലൂരിലെ വസതിയിലും പാളികള്‍ പ്രദർശിപ്പിച്ച് പണം വാങ്ങിയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും.

ശബരിമലയിൽ നിന്നും കടത്തിയ സ്വർണം ചെന്നൈയിലെ സ്മാർട് ക്രിയേഷനിൽ വച്ച് വേർതിരിച്ചുവെന്നാണ് സ്ഥാപന സിഇഒ പങ്കജ് ഭണ്ടാരിയുടെ മൊഴി. ഈ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞ കൽപ്പേഷ് എന്നയാള്‍ക്ക് നൽകിയിരുന്നെന്നും വെളിപ്പെടുത്തിയിരുന്നു. കൽപ്പേഷ് എന്നത് ഒരു വിളിപ്പേർ മാത്രമെന്നായിരുന്നു അന്വേഷണ സംഘത്തിൻെറ നിഗമനം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്