ദില്ലി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ചിൽ ഇന്ന് വാദം തുടങ്ങും. പുനഃപരിശോധനാ ഹർജികളുമായി ബന്ധപ്പെട്ട് ആരുടെയെല്ലാം വാദം കേൾക്കണമെന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. മകരവിളക്ക് കാലത്താണ് ഹർജികൾ കോടതി പരിഗണിക്കുന്നത് എന്നതും ശ്രദ്ധേയം. 

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ വിശാല ബഞ്ചിൽ ജസ്റ്റിസ് ആർ ഭാനുമതി മാത്രമാണ് ഏക വനിതാംഗം. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എൽ നാഗേശ്വരറാവു, മോഹൻ എം ശാന്തനഗൗഡർ, അബ്ദുൾ നസീർ, സുഭാഷ് റെഡ്ഡി, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റംഗങ്ങൾ. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് ഭൂരിപക്ഷവിധി പുറപ്പെടുവിച്ച ബഞ്ചിലെ ഒരംഗങ്ങളും, എതിർവിധി എഴുതിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയടക്കം പുതിയ ബഞ്ചിലില്ല എന്നതാണ് ശ്രദ്ധേയം.

അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമേ, ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഢ്, റോഹിൻടൺ നരിമാൻ, ഇന്ദുമൽഹോത്ര എന്നിവരാണ് ശബരിമല യുവതീപ്രവേശനഹർജികൾ പരിഗണിച്ച അഞ്ചംഗഭരണഘടനാ ബഞ്ചിലുണ്ടായിരുന്നത്. ഒന്നിനെതിരെ നാല് എന്ന തരത്തിൽ ഭൂരിപക്ഷം ന്യായാധിപരും ശബരിമലയിൽ യുവതീപ്രവേശനമാകാമെന്നും ആരാധനയ്ക്ക് തുല്യാവകാശമുണ്ടെന്നും വിധിച്ചു. 2018 സെപ്റ്റംബർ 28-നായിരുന്നു ഈ ചരിത്രവിധി. 

എന്നാൽ ഇതിനെതിരെ 56 പുനഃപരിശോധനാഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. തുടർന്ന്, പുതിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പുനഃപരിശോധനാഹർജികളെല്ലാം തുറന്ന കോടതിയിൽ പരിഗണിക്കാൻ തീരുമാനിച്ചു. ബന്ധപ്പെട്ടവരുടെ വാദം കേട്ട ചീഫ് ജസ്റ്റിസ് വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ചു. പിന്നീട് എത്തിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, കേസ് വിശാലബഞ്ചിന്‍റെ പരിഗണനയ്ക്ക് വിടാനാണ് തീരുമാനിച്ചത്. ഇതിനിടെ മല കയറാൻ സുരക്ഷ തേടി എത്തിയ ബിന്ദു അമ്മിണിക്കും, രഹ്ന ഫാത്തിമയ്ക്കും സുരക്ഷ നൽകാനുള്ള ഉത്തരവ് നൽകാൻ കോടതി വിസമ്മതിക്കുകയും ചെയ്തു.

ഒമ്പതംഗ ബഞ്ചിന് മുന്നിൽ എന്തൊക്കെ?

ഒമ്പതംഗങ്ങളുള്ള വിപുലമായ ഭരണഘടനാ ബഞ്ചിൽ നേരത്തേ കേസ് കേട്ട അംഗങ്ങളാരുമില്ലാത്ത സ്ഥിതിക്ക് ഇനിയും വിപുലമായ വാദങ്ങൾ നടക്കാനാണ് സാധ്യത. പക്ഷേ വിശാലബഞ്ചിന് വിടുമ്പോൾ ചില വിഷയങ്ങളിലൂന്നാനാണ് നേരത്തേ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചിരുന്നത്. പ്രധാനമായും ഈ ഏഴ് വിഷയങ്ങളാണ് വിശാലബഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നത്.

1. ഭരണഘടനയിൽ മതസ്വാതന്ത്ര്യവും തുല്യതയും വിശദീകരിക്കുന്ന വകുപ്പുകൾ (25, 26 അനുച്ഛേദങ്ങളും, 14-ാം അനുച്ഛേദവും) തമ്മിലുള്ള ബന്ധമെന്ത്? അവയെ എങ്ങനെ ഒരുമിച്ച് നിർത്താം?

2. ഇന്ത്യയിലെ ഓരോ പൗരനും മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന 25 (1) വകുപ്പിലെ 'പൊതുക്രമം, ധാർമികത, ആരോഗ്യം' എന്ന് വിവക്ഷിക്കുന്നത് എന്ത്?

3. ധാർമികത എന്നതോ ഭരണഘടനാപരമായ ധാർമികത എന്നതോ കൃത്യമായി ഭരണഘടന നിർവചിച്ചിട്ടില്ല. ഈ ധാർമികതയെന്നത്, മൊത്തത്തിലുള്ളതാണോ, അതോ മതവിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമോ?

4. ഒരു മതാചാരം, ആ മതത്തിന്‍റെയോ വിശ്വാസം പിന്തുടരുന്നവരുടെയോ അവിഭാജ്യഘടകമാണെന്നോ അതിനെ മാറ്റാനാകില്ലെന്നോ പറയാൻ കഴിയുമോ? അത് തീരുമാനിക്കാൻ കോടതിയ്ക്ക് കഴിയുമോ? അതോ ഒരു മതമേധാവി തീരുമാനിക്കേണ്ടതാണോ അത്?

5. ഭരണഘടനയിലെ 25 (2)(b) വകുപ്പ് പ്രകാരം 'ഹിന്ദു' എന്നതിന്‍റെ നിർവചനം എന്ത്?

6. ഒരു വിഭാഗത്തിന്‍റെ/മതവിഭാഗത്തിന്‍റെ 'ഒഴിച്ചുകൂടാത്ത ആചാര'മെന്നതിന് ഭരണഘടനയുടെ മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന 26-ാം അനുച്ഛേദത്തിന്‍റെ സംരക്ഷണമുണ്ടാകുമോ?

7. ഒരു മതത്തിന്‍റെ ആചാരങ്ങളെ ആ മതത്തിലോ ആചാരത്തിലോ പെടാത്ത വ്യക്തിക്ക് പൊതുതാത്പര്യഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോ? അത് അനുവദനീയമാണോ?

ഇതിന് പുറമേ, കേരള പൊതുആരാധനാഇടങ്ങളിൽ പ്രവേശനാനുമതി ഉറപ്പാക്കുന്ന ചട്ടങ്ങൾ ശബരിമല ക്ഷേത്രത്തിന് ബാധകമാണോ എന്നതും ഭരണഘടനാ ബഞ്ച് പരിഗണിക്കും. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നേരിട്ട വിഷയങ്ങൾ ഈ ഘട്ടത്തിൽ ബഞ്ച് പരിഗണിച്ചേക്കില്ലെന്നാണ് സൂചന. പക്ഷേ, കേസിന്‍റെ മുന്നോട്ടുള്ള ഘട്ടങ്ങളിൽ എന്തെല്ലാം പരിഗണിക്കണം, വേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരവും ഭരണഘടനാ ബഞ്ചായതിനാൽ ഇതിനുണ്ട്. 

ശ്രദ്ധേയമായ കാര്യം ശബരിമല പുനഃപരിശോധനാഹർജികളല്ല ഇന്ന് പരിഗണിക്കുന്നത് എന്നതാണ്. പുനഃപരിശോധനാഹർജികൾ പരിഗണിച്ച അഞ്ചംഗബഞ്ച്, വിശാലബഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ട ഏഴ് നിർണായക ചോദ്യങ്ങൾ മാത്രമേ നിലവിൽ ഈ ബഞ്ച് പരിഗണിക്കൂ.