പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത്. കേരള പൊലീസിന്റെ വിർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. ദർശനത്തിനായി വെർച്ചൽ ക്യൂ സംവിധാനം വഴി 86000 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. 42000 പേർ കാത്തിരിപ്പ് പട്ടികയിലുമുണ്ട്.

ഇന്ന് നട തുറക്കുമെങ്കിലും നാളെ മുതലാണ് ഭക്തർക്ക് പ്രവേശനം. നിലയ്ക്കൽ ഭക്തരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കും. 24 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയവർക്ക് നിലയ്ക്കലിലെ പരിശോധന കൂടാതെ സന്നിദാനത്തേക്ക് പ്രവേശിക്കാം . അനുവദിച്ചിരിക്കുന്ന സമയത്തിന് രണ്ട് മണിക്കൂർ മുന്പ് ഭക്തർ നിലയ്ക്കലെത്തണം. 

നിയന്ത്രണങ്ങളുടെ ഭാഗമായി പമ്പയിൽ കുളിക്കാൻ അനുമതി ഇല്ല.കാനന പാത വഴിയുള്ള യാത്രയും നെയ്യഭിഷേകം നടത്തുന്നതിനും വിലക്കുണ്ട്. സന്നിധാനത്ത് ഭക്തർക്ക് വിരി വയ്ക്കാൻ അനുവാദമില്ല. ഭക്തർക്കായി പമ്പയിൽ പ്രത്യേകം ഷവർ ക്രമീകരിച്ചിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ 1000 പേരും വാരാന്ത്യങ്ങളിൽ 2000 പേരും വിശേഷാൽ ദിവസങ്ങളിൽ അയ്യായിരം പേരുമാണ് സന്നിധാനത്തേക്ക് എത്തുക.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാരും ഇന്ന് ചുമതലയേൽക്കും. സന്നിധാനത്ത് വി കെ ജയരാജ് പോറ്റിയും മാളികപ്പുറത്ത് എംഎൻ രജികുമാറുമാണ് പുതിയ മേൽശാന്തിമാർ. ഡിസംബർ 26 നാണ് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ. മകരവിളക്കിനായി ഡിസംബർ 30 ന്  നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്.