ശബരിമല:  ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി ശബരിമലയില്‍ തങ്ക അങ്ക ചാര്‍ത്തിയുള്ള ദീപാരാധന നടന്നു. നാളെയാണ് മണ്ഡലപൂജ.

തങ്ക അങ്കി ഘോഷയാത്രയെ ശരംകുത്തിയില്‍ വച്ച് ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ചു. ശബരിമല തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നാണ് തങ്ക അങ്കി പേടകം ഏറ്റുവാങ്ങിയത്. 
 

സൂര്യഗ്രഹണം കണക്കിലെടുത്ത് ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നതിനാല്‍ സന്നിധാനത്ത് വൻഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സൂര്യഗ്രഹണം കണക്കിലെടുത്ത് ഏഴരമുതൽ നാല് മണിക്കൂര്‍ നടയടക്കുമെന്ന് നേരത്തെ അറിയിച്ചതിനാൽ പുലര്‍ച്ചെ മുതൽ വൻ തിരക്കായിരുന്നു സന്നിധാനത്ത്. ഈ സമയത്ത് പരമാവധി തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം സാധ്യമാക്കാനായിരുന്നു പൊലീസ് ശ്രമം. നാളെയാണ് 41 ദിവസത്തെ മണ്ഡല കാലത്തിന് സമാപനം കുറിച്ചുള്ള മണ്ഡലപൂജ നടക്കുക.

ഇതിനിടെ ശബരിമല വരുമാനത്തിൽ വൻ വര്‍ദ്ധനയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. 156 കോടി 60, 19661 രൂപയാണ് ഇന്നലെ വരെയുള്ള വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 105 കോടി മാത്രമായിരുന്നു. നാണയങ്ങൾ ഇതുവരെ എണ്ണിയിട്ടില്ല. അതും കൂടി ആകുമ്പോൾ സര്‍വ്വകാല റെക്കോര്‍ഡിലേക്ക് വരെ വന്നേക്കാമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടൽ.  നാളത്തെ മണ്ഡലപൂജ കണക്കിലെടുത്ത് ശബരിമല കനത്ത സുരക്ഷാ വലയത്തിലാണ്.