ദില്ലി: ശബരിമല യുവതീപ്രവേശന കേസിനെതിരായ പുനപരിശോധന ഹര്‍ജികളില്‍ തീരുമാനം വൈകും. കേസിന് ആധാരമായ മതപരമായ വിഷയങ്ങളില്‍ കോടതിക്ക് എത്രത്തോളം ഇടപെടാനാവും എന്നതില്‍ വ്യക്തത വേണമെന്ന് പുനപരിശോധന ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് വിഷയം ഏഴംഗ ബെഞ്ചിന് കോടതി വിട്ടത്. 

ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് പേര്‍ മതകാര്യങ്ങളിലെ കോടതി ഇടപെടലില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ രണ്ട് പേര്‍ വിധിയോട് ശക്തമായി വിയോജിച്ചു. എന്നാല്‍ ഭൂരിപക്ഷവിധി പൊതുവിധിയാവും എന്ന ചട്ടത്തിന്‍റെ അടിസ്ഥാനത്തില്‍ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിട്ടുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. 

രാവിലെ 10.30-നാണ് ശബരിമല യുവതീപ്രവേശനത്തിനെതിരായ പുനപരിശോധനാഹര്‍ജികളില്‍ സുപ്രീംകോടതിയുടെ വിധി പ്രസ്താവം ചീഫ് ജസ്റ്റിസ് ആരംഭിച്ചത്. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കല്‍ എന്നീ മൂന്ന് ജഡ്ജിമാര്‍ മതപരമായ വിഷയങ്ങളില്‍ സുപ്രീംകോടതിക്ക് എത്രത്തോളം ഇടപെടാമെന്ന സംശയം പ്രകടിപ്പിക്കുകയും ഇക്കാര്യം വിശാലബെഞ്ച് ചര്‍ച്ച ചെയ്യുകയും ചെയ്യണമെന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം ബെഞ്ചിലുണ്ടായിരുന്ന രണ്ട് ജഡ്ജിമാര്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢും, ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാനും ശക്തമായ വിയോജിപ്പാണ് ഭൂരിപക്ഷ വിധിക്കെതിരെ ഉന്നയിച്ചത്. ഇവരുടേതായി പുറത്തു വന്ന ന്യൂനപക്ഷ വിധിയില്‍ ഈ വിയോജിപ്പ് ശക്തമായി അവര്‍ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. 

2018-ലെ യുവതീപ്രവേശനം സംബന്ധിച്ച വിധി പുറത്തു വന്നപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കം ബെഞ്ചിലുണ്ടായിരുന്ന അഞ്ചില്‍ നാല് പേരും അനുകൂലവിധിയാണ് എഴുതിയത്. അന്ന് വിയോജിച്ച് വിധി എഴുതിയ ഒരേ ഒരാള്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ്. ഇതേ കേസ് വീണ്ടും കോടതിയുടെ മുന്നിലെത്തിയപ്പോള്‍ മതകാര്യങ്ങളില്‍ കോടതി ഇടപെടുന്നതിലെ തന്‍റെ വിയോജിപ്പ് ഇന്ദുജ മല്‍ഹോത്ര ആവര്‍ത്തിച്ചു. ദീപക് മിശ്രക്ക് പകരമായി ബെഞ്ചിലെത്തി ആദ്യമായി കേസ് കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി മതകാര്യങ്ങളിലും ആചാരങ്ങളിലും എത്രത്തോളം കോടതിക്ക് ഇടപെടാമെന്ന സംശയമാണ് ഉന്നയിച്ചത്.

കഴിഞ്ഞ വര്‍ഷം യുവതീപ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച ജസ്റ്റിസ് എഎന്‍ കന്‍വില്‍ക്കര്‍ പക്ഷേ ഇക്കുറി നിലപാട് മാറ്റി. മതങ്ങളുടെ സവിശേഷമായ ആചാരങ്ങളില്‍ കോടതി എത്രത്തോളം ഇടപെടണം എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നുമുള്ള ചീഫ് ജസ്റ്റിസിന്‍റെ നിലപാടിനൊപ്പമാണ് കന്‍വില്‍ക്കര്‍ ഇപ്രാവശ്യം നിന്നത്. ഇതോടെയൊണ് കേസ് വിശാലബെഞ്ചിലേക്ക് പോകുന്ന അവസ്ഥയുണ്ടായത്. 

യുവതീപ്രവേശനത്തിന് അനുകൂലമായി 2018-ല്‍ വിധിയെഴുത്തിയ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢും, ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാനും അതേനിലപാടില്‍ ശക്തമായി ഉറച്ചു നിന്നെങ്കിലും ജസ്റ്റിസ് കന്‍വില്‍ക്കറുടെ നിലപാട് മാറ്റമാണ് കേസ് വിശാലബെഞ്ചിന് വിടുന്നതില്‍ നിര്‍ണായകമായത്. കന്‍വില്‍ക്കര്‍ മുന്‍നിലപാടില്‍ നിന്നിരുന്നുവെങ്കില്‍ ഹര്‍ജികള്‍ തള്ളുകയും യുവതീപ്രവേശനം നിലനില്‍ക്കുകയും ചെയ്യുമായിരുന്നു

മതങ്ങളും അവയുടെ സവിശേഷ ആചാരങ്ങളും വിശ്വാസങ്ങളും പ്രധാന്യമര്‍ഹിക്കുന്ന വിഷയമാണെന്നും അതിനെ നിസാരമായി കാണാനാവില്ലെന്നും വിധി പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നിരീക്ഷിക്കുന്നു. മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനം, ടവര്‍ ഓഫ് ലൈസന്‍സിലേക്കുള്ള പഴ്സി സ്ത്രീകളുടെ പ്രവേശനം, ദാവുദി ബോറ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചേലാകര്‍മ്മം എന്നിവക്കെതിരെ നിലവില്‍ സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്നുണ്ട്. ഈ കേസുകള്‍ക്കൊപ്പമാണ് ഇനി ശബരിമല കേസും ഏഴംഗ കേസ് പരിഗണിക്കുക. 

77 പേജുള്ള വിധിയില്‍ ഒന്‍പത് പേജ് മാത്രമാണ് ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് പേരുടേതായി ഉള്ള ഭൂരിപക്ഷ വിധി. ഭൂരിപക്ഷവിധിയോട് വിയോജിച്ച ഡിവൈ ചന്ദ്രചൂഢും, റോഹിംഗ്‍ടണ്‍ നരിമാനും തങ്ങളുടെ വിയോജിപ്പും നിലപാടും അതിശക്തമായി വിധിപകര്‍പ്പില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് 70 പേജോളം ഇവരുടെ ന്യൂനപക്ഷവിധിയാണ് വരുന്നത്. 
 
1965-ലെ കേരള ക്ഷേത്രപ്രവേശനം  നിയമം ഏതെങ്കിലും തരത്തില്‍ ശബരിമലയ്ക്ക് ബാധകമാണോ എന്നു കൂടി പരിശോധിക്കാന്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിനോട് അഞ്ചംഗ ബെഞ്ച് ആവശ്യപ്പെടുന്നുണ്ട്. വിശാലമായ വിധിയില്‍ എവിടേയും മുന്‍വിധിക്ക് സ്റ്റേ നല്‍കിയതായി സുപ്രീംകോടതി പറയുന്നില്ല. അതേസമയം യുവതീപ്രവേശനത്തിനെതിരെ കേരളത്തില്‍ നടന്ന പ്രതിഷേധസമരങ്ങളെ തന്‍റെ വിധിയില്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അപലപിക്കുന്നു. ഭരണഘടന വിശുദ്ധഗ്രന്ഥമാണെന്നും അതിന് വിധേയരായി എല്ലാവരും പെരുമാറണമെന്നും ചന്ദ്രചൂഢിന്‍റെ വിധിയില്‍ പറയുന്നു. 

ശബരിമല കേസിലെ യുവതീപ്രവേശനം അനുവദിക്കുന്നതും മുസ്ലീംപള്ളികളിലും പാഴ്സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതും അടക്കം കേസുകളെല്ലാം ഒരൊറ്റ ബെഞ്ചിലേക്ക് വിട്ടു കൊണ്ട് ലിംഗ ഭേദമന്യേ രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും എല്ലാവര്‍ക്കും പ്രവേശിക്കാമോ എന്ന കാര്യത്തില്‍ ഒരൊറ്റ വിധിയാണ് ഇനി വരാന്‍ പോകുന്നത്. 

ശബരിമലയിലെ യുവതീപ്രവേശനം എന്ന ഒരൊറ്റ വിഷയത്തില്‍ നിന്നും രാജ്യത്തെ മുഴുവന്‍ ആരാധാനാലയങ്ങള്‍ക്കും ചേര്‍ത്ത് ഒരൊറ്റ വിധിയിലേക്കാണ് സുപ്രീംകോടതി ഇനി പോകുന്നത്. മതം എന്നത് വലിയ ഗൗരവമേറിയ വിഷയമാണെന്നും ഇതേക്കുറിച്ച് വിശാലമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറയുന്നു. 

മതങ്ങളുടെ മേലേയൊണ് കോടതി എന്നാണ് ഇനി ഏഴംഗ ബെഞ്ച് കണ്ടെത്തുന്നത് എങ്കില്‍ ശബരിമല യുവതീപ്രവേശന വിധി നിലനില്‍ക്കും ഒപ്പം മുസ്ലീം-പാഴ്സി സ്ത്രീകളുടെ ദേവാലയ പ്രവേശനത്തെ ഉള്‍പ്പടെ ഇനി വരാനിരിക്കുന്ന വിധികളെ അത് സ്വാധീനിക്കുകയും ചെയ്യും. മതങ്ങളില്‍ വിശ്വാസിക്കാനും വിശ്വാസത്തില്‍ അധിഷ്ടതമായി ജീവിക്കാനും അവകാശം നല്‍കുന്ന ഭരണഘടനയിലെ 25,26 വകുപ്പുകളുടെ അവലോകനം കൂടിയാവും ഇനി നടക്കുക. 

അതേസമയം മതകാര്യങ്ങളില്‍ കോടതി ഇടപെടേണ്ടതില്ല എന്നാണ് വിശാല ബെഞ്ചില്‍ നിന്നും വരുന്നതെങ്കില്‍ രാജ്യത്ത് മതങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കൂടുതല്‍ നിയമപരിരക്ഷ ലഭിക്കും. നിലവില്‍ എതിര്‍പ്പ് നേരിടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന പല ആചാരങ്ങളും തുടരാന്‍ അതു വഴിയൊരുക്കും.